ന്യൂഡൽഹി: പിരിച്ചുവിടൽ തുടർന്ന് വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോമായ സൂം. ഇത്തവണ പിരിച്ചുവിട്ടത് കമ്പനിയുടെ പ്രസിഡന്റിനെയാണ്. കഴിഞ്ഞ മാസം 1,300 ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ പ്രസിഡന്റ് ഗ്രെഗ് ടോംപിനെ പുറത്താക്കിയതായാണ് റിപ്പോർട്ട്. പിരിച്ചുവിടലിൻ്റെ കാരണം വ്യക്തമാക്കിയിട്ടില്ല.
വ്യവസായിയും മുൻ ഗൂഗിൾ ജീവനക്കാരനുമായ ഗ്രെഗ് 2022 ജൂണിലാണ് സൂമിന്റെ പ്രസിഡന്റായി ചുമതലയേറ്റത്. എന്നാൽ ഇതുവരെ ഗ്രെഗിന് പകരക്കാരനെ കണ്ടെത്തിയിട്ടില്ല.
2011 ലാണ് സൂം രൂപീകരിച്ചത്. കോവിഡ് കാലത്ത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഏറെ ആശ്രയിച്ചിരുന്ന ഒരു പ്ലാറ്റ്ഫോമായിരുന്നു സൂം. എന്നിരുന്നാലും, കോവിഡിന് ശേഷം, കമ്പനിയിൽ വലിയ തോതിലുള്ള പിരിച്ചുവിടലുകൾ നടന്നു. ഫെബ്രുവരിയിൽ കമ്പനിയുടെ 15% ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.