കൊച്ചി: അപകടത്തിൽപ്പെട്ടയാളെ രക്ഷപ്പെടുത്തിയതിന് ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത രണ്ടുപേർ അറസ്റ്റിൽ. മട്ടാഞ്ചേരി പുതിയ റോഡിൽ പനച്ചിക്കൽപ്പറമ്പിൽ വീട്ടിൽ ഇക്രു എന്ന് വിളിക്കുന്ന ഷാജഹാൻ (28), മട്ടാഞ്ചേരി കമ്മ്യൂണിറ്റി ഹാൾ റോഡിൽ അഭിലാഷ് (25) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകിട്ട് ഞാറയ്ക്കൽ സർക്കാർ ആശുപത്രിയ്ക്ക് സമീപത്തായിരുന്നു സംഭവം. അപകടത്തിൽപ്പെട്ട ബൈക്ക് യാത്രികനെ ആശുപത്രിയിൽ എത്തിച്ചതിനുശേഷം ഭീഷണിപ്പെടുത്തി പണവും വിലകൂടിയ ഹെൽമറ്റും കവർന്നെന്നാണ് കേസ്. മാളയ്ക്ക് സമീപമുള്ള പുത്തൻചിറ സ്വദേശി അർജുൻ (19) ആണ് അപകടത്തിൽപ്പെട്ടത്.
തേവര കോളേജ് വിദ്യാർത്ഥിയാണ് അർജുൻ. ക്ലാസ് കഴിഞ്ഞ് വീട്ടിലേയ്ക്ക് വരുന്നവഴി കാളമുക്ക് മല്ലികാർജുന ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടമുണ്ടായത്. മഴമൂലം ഉണ്ടായിരുന്ന വഴുക്കലിൽ ബൈക്ക് മറിയുകയായിരുന്നു. തൊട്ടുപിന്നാലെ സ്കൂട്ടറിൽ വരികയായിരുന്നു പ്രതികൾ. ഇരുവരും ചേർന്ന് അർജുനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്നാണ് അർജുനോട് പണം ആവശ്യപ്പെട്ടത്. കൂടുതൽ പണം ആവശ്യപ്പെട്ടാണ് ഹെൽമറ്റ് കവർന്നത്. മയക്കുമരുന്ന് കേസടക്കം നിരവധി കേസുകളിൽ പ്രതികളാണ് ഷാജഹാനും അഭിലാഷും. റൗഡി ലിസ്റ്രിലും പേരുണ്ട്.