
ദില്ലി: ഡാർക്ക് വെബ് വഴി രാജ്യത്തുടനീളം ലഹരിമരുന്ന് വിതരണം ചെയ്തിരുന്ന ‘ടീം കൽക്കി’ എന്ന കുപ്രസിദ്ധ സംഘത്തെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ സി ബി) പിടികൂടി. മൂന്ന് മാസം നീണ്ട അതീവ രഹസ്യമായ ഓപ്പറേഷനൊടുവിൽ ‘ടീം കൽക്കി’ സംഘത്തലവൻ അനുരാഗ് താക്കൂർ, കൂട്ടാളി വികാസ് റാത്തി എന്നിവരടക്കമാണ് പിടിയിലായത്. ദില്ലിയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് എൻ സി ബി അറിയിച്ചു. ഇവരിൽ നിന്ന് വൻതോതിൽ എൽ എസ് ഡി, എം ഡി എം എ, ചരസ് തുടങ്ങിയ മാരക ലഹരിവസ്തുക്കൾ എൻ സി ബിഉദ്യോഗസ്ഥർ കണ്ടെടുത്തു. ഡാർക്ക് വെബിലൂടെയും ‘സെഷൻ’ എന്ന എൻക്രിപ്റ്റഡ് മെസേജിങ് ആപ്പ് വഴിയുമാണ് ഇവർ ലഹരിമരുന്ന് കച്ചവടം നടത്തിയിരുന്നത്. കേരളത്തിലേക്കടക്കമുള്ള മാരക ലഹരിക്കടത്തിന് കൂടിയാണ് പിടിവീണത്. നെതർലാൻഡ്സ്, ജർമനി, പോളണ്ട് എന്നീ വിദേശ രാജ്യങ്ങളിൽ നിന്നാണ് ഇവർ ലഹരിമരുന്ന് ഇന്ത്യയിലേക്ക് എത്തിച്ചിരുന്നത്.
കേരളം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലേക്ക് ഈ സംഘം വ്യാപകമായി ലഹരിമരുന്ന് എത്തിച്ചിരുന്നതായി എൻ സി ബി കണ്ടെത്തിയിട്ടുണ്ട്. ഡാർക്ക് വെബിലെ രഹസ്യ പ്ലാറ്റ്ഫോമുകൾ വഴി ഓർഡറുകൾ സ്വീകരിച്ച് കൊറിയർ സർവീസുകൾ വഴിയാണ് ഇവർ വിതരണം നടത്തിയിരുന്നത്. പിടിക്കപ്പെടാതിരിക്കാൻ ഡിജിറ്റൽ കറൻസികളാണ് ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്നത്. 2338 എൽ എസ് ഡി സ്റ്റാമ്പുകൾ, 160 എക്സ്റ്റസി ഗുളികകൾ, 3.6 കിലോഗ്രാം ലിക്വിഡ് എം ഡി എം എ, ചരസ്, ആംഫറ്റമിൻ എന്നിവ പിടിച്ചെടുത്തെതായി എൻ സി ബി ഉദ്യോഗസ്ഥർ അറിയിച്ചു. വിദേശത്തുനിന്ന് വന്ന രണ്ട് പാഴ്സലുകളും ഇന്ത്യയ്ക്കകത്ത് വിതരണത്തിന് തയ്യാറാക്കിയ 13 പാഴ്സലുകളുമാണ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. സംഘത്തിലെ മറ്റ് കണ്ണികളെ കണ്ടെത്താനായി എൻ സി ബി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
ലഹരി കടത്ത് കേസുകളിൽ നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ് അനുരാഗ് താക്കൂറും വികാസ് റാത്തിയും. തിഹാർ ജയിലിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും ജയിലിന് പുറത്തിറങ്ങിയ ശേഷം ‘ടീം കൽക്കി’ എന്ന പേരിൽ ലഹരി ശൃംഖല ആരംഭിച്ചതും. ‘ഡ്രെഡ്’ (Dread) എന്ന ഡാർക്ക് വെബ് ഫോറത്തിൽ ഇവർക്ക് ഫോർ സ്റ്റാർ റേറ്റിംഗ് ഉണ്ടായിരുന്നു എന്നത് ഇവരുടെ ഇടപാടുകളുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. പിടിക്കപ്പെടാതിരിക്കാൻ അതീവ നൂതനമായ വിദ്യകളാണ് ഇവർ ഉപയോഗിച്ചിരുന്നത്. ദില്ലിയിൽ ‘ഡെഡ് ഡ്രോപ്പ്’ (Dead Drop) എന്ന രീതിയാണ് ഇവർ പിന്തുടർന്നിരുന്നത്. അതായത്, ലഹരിമരുന്ന് ഒരു പ്രത്യേക സ്ഥലത്ത് വെച്ച ശേഷം അതിന്റെ ലൊക്കേഷൻ ഉപഭോക്താവിന് അയച്ചു കൊടുക്കും. നേരിട്ടുള്ള സമ്പർക്കം ഇതിലൂടെ ഒഴിവാക്കാം. കേരളം, തമിഴ്നാട്, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് സ്പീഡ് പോസ്റ്റ് വഴിയും സ്വകാര്യ കൊറിയർ വഴിയുമാണ് ലഹരി എത്തിച്ചിരുന്നത്. ഓരോ തവണയും വ്യത്യസ്ത കൊറിയർ സ്ഥാപനങ്ങളാണ് ഇവർ ഉപയോഗിച്ചിരുന്നത്. മൊനീറോ (Monero), യു എസ് ഡി റ്റി (USDT) തുടങ്ങിയ ക്രിപ്റ്റോ കറൻസികൾ വഴിയാണ് ഇവർ പണം സ്വീകരിച്ചിരുന്നത്. വിവിധ വാലറ്റുകളിലൂടെ പണം കൈമാറി അതിന്റെ ഉറവിടം മറച്ചുവെക്കാൻ ഇവർക്ക് സാധിച്ചിരുന്നു. 2025 ജനുവരി മുതൽ ഏകദേശം ആയിരത്തിലധികം പാഴ്സലുകൾ ഇവർ വിതരണം ചെയ്തതായാണ് എൻ സി ബി കണ്ടെത്തി. സംഘത്തിലെ കൂടുതൽ കണ്ണികളെ കണ്ടെത്താനും അന്താരാഷ്ട്ര ബന്ധങ്ങൾ പുറത്തുകൊണ്ടുവരാനുമുള്ള അന്വേഷണം എൻസിബി ഊർജിതമാക്കിയിട്ടുണ്ട്. ലഹരിമരുന്ന് കടത്തിനെതിരെയുള്ള വിവരങ്ങൾ നൽകാൻ 1933 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാമെന്നും വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും എൻ സി ബി അറിയിച്ചു.


