
തിരുവനന്തപുരം: തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്ത് കേസ് പ്രതി ഉണ്ണികൃഷ്ണന് പോറ്റിയും യുഡിഎഫ് അധ്യക്ഷനും എംപിയുമായ അടൂര്‍ പ്രകാശും ഒരുമിച്ചുള്ള കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നു. 2024 ജനുവരിയില്‍ നടന്ന ഒരു വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ അടൂര്‍ പ്രകാശ് മുഖ്യാതിഥിയായി പങ്കെടുത്തതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
അടൂര്‍ പ്രകാശ് എംപി തന്നെയാണ് അന്ന് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്. നേരത്തെ, ശബരിമല സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന് പോറ്റിയുമായി അടൂര്‍ പ്രകാശിനുള്ള ബന്ധമുണ്ടെന്ന തരത്തിലുള്ള പ്രചരണം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഉണ്ണികൃഷ്ണന് പോറ്റി സോണിയ ഗാന്ധിയെ കാണാന്‍ പോയത് പ്രസാദം നല്‍കാനെന്നായിരുന്നു നേരത്തെ പുറത്തുവന്ന ചിത്രങ്ങളെ കുറിച്ച് അടൂര്‍ പ്രകാശിന്റെ വിശദീകരണം. സന്ദര്‍ശനത്തിന് മുന്‍കൂര്‍ ആയി അനുമതി വാങ്ങിയത് താന്‍ അറിഞ്ഞില്ല. തന്റെ മണ്ഡലത്തില്‍ ഉള്ള വോട്ടര്‍ ആയതുകൊണ്ടാണ് പോറ്റിയുടെ കൂടെ പോയത് എന്നും കാട്ടുകള്ളന് ആണെന്ന് അറിയില്ലായിരുന്നു എന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.


