തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവിൽ 36 ദിവസങ്ങള്‍ക്ക് ശേഷം ക്രമസമാധാന ചുമതലയില്‍ നിന്നു എഡിജിപി എംആര്‍ അജിത് കുമാറിനെ മാറ്റി സര്‍ക്കാര്‍. ആര്‍എസ്എസ് നേതാവിനെ കണ്ടതിലാണ് നടപടി. ബറ്റാലിയന് എഡിജിപി സ്ഥാനത്ത് അജിത്ത് കുമാര്‍ തുടരും. മനോജ് എബ്രാഹാണ് ക്രമസമാധാന ചുമതലയുള്ള പുതിയ എഡിജിപി. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നില്ക്കുമ്പോള് തന്നെ അജിത് കുമാര്‍ ബറ്റാലിയന് എഡിജിപി സ്ഥാനവും വഹിച്ചിരുന്നു. എഡിജിപിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി കഴിഞ്ഞ ദിവസം സര്‍ക്കാരിനു കൈമാറിയിരുന്നു. പിന്നാലെയാണ് നടപടി.
ഭരണ കക്ഷി എംഎല്‍എയായിരുന്ന പിവി അന്‍വര്‍ തൊടുത്തുവിട്ട വിവാദ സംഭവങ്ങളാണ് നടപടിയില്‍ എത്തിയിരിക്കുന്നത്. സര്‍ക്കാര്‍ നടപടി വൈകുന്നത് പ്രധാന ഘടക കക്ഷിയായ സിപിഐക്ക് അതൃപ്തി ഉണ്ടാക്കിയിരുന്നു. അജിത് കുമാറിനെ മാറ്റണമെന്ന നിലപാടില്‍ അവര്‍ ഉറച്ചു നില്‍ക്കുകയും അതു പരസ്യമായി തന്നെ പറയുകയും ഉണ്ടായി. കഴിഞ്ഞ ദിവസമാണ് അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറിയത്. പിന്നാലെയാണ് നടപടി. പിവി അന്‍വറിന്റെ ആരോപണങ്ങളെ കൂടാതെ എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.