മനാമ: അബൂദബി ആസ്ഥാനമായ ട്വൻറി 14 ഹോൾഡിങ്സ് മാനേജിങ് ഡയറക്ടറായ അദീബ് അഹമ്മദിനെ വേൾഡ് ടൂറിസം ഫോറം ലുസേൻ (ഡബ്ള്യു.ടി.എഫ്.എൽ.) ഗ്ലോബൽ ഉപദേശക സമിതിയിലേക്ക് തിരഞ്ഞെടുത്തു. ടൂറിസം, വ്യവസായ മേഖലയിൽ നിന്നുള്ള വിദഗ്ധർ, സി.ഇ.ഒമാർ, നിക്ഷേപകർ, സ്റ്റാർട്ടപ്പുകൾ എന്നിവരുടെ കൂട്ടായ്മയാണ് വേൾഡ് ടൂറിസം ഫോറം. നവീന ആശയങ്ങളിലൂടെ വിനോദസഞ്ചാര മേഖലയിൽ കൂടുതൽ കുതിപ്പുണ്ടാക്കുകയാണ് 2008ൽ സ്ഥാപിതമായ ഫോറത്തിന്റെ ലക്ഷ്യം.
ലണ്ടനിലെ ഗ്രേറ്റ് സ്കോട്ട്ലൻഡ് യാഡ്, എഡിൻബർഗിലെ വാൾഡ്റോഫ് അസ്റ്റോറിയ കാലിഡോണിയൻ, പുൾമാൻ ഡൗൺടൗൺ ദുബായ്, കൊച്ചിയിലെ പോർട്ട് മുസിരിസ് അടക്കമുള്ള പ്രധാന ഹോട്ടലുകൾ അദീബ് അഹമ്മദിന്റെ ഉടമസ്ഥതയിലാണ്. ബോർഡ് അംഗമായി അദ്ദേഹം ചുമതലയേൽക്കുന്നതോടെ വിനോദസഞ്ചാര മേഖല അഭിമുഖീകരിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾക്ക് യോജിച്ചുള്ള പരിഹാരങ്ങൾ കണ്ടെത്താനാകും.
വിനോദസഞ്ചാര മേഖലയിലെ ഭാവി വെല്ലുവിളികൾ നേരിടുന്നതിനുള്ള മാർഗങ്ങൾ ആലോചിക്കുന്ന വിദഗ്ധ സംഘത്തിലാണ് ഇദ്ദേഹവും പങ്കാളിയാകുന്നത്. സ്വിറ്റ്സർലാൻഡ് ലൂസാൻ സിറ്റി ഫിനാൻസ് വകുപ്പ് മേധാവി ഫ്രാൻസിസ്കാ ബിറ്റ്സി, ദി ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് സി.ഇ.ഒ.യും എം.ഡി.യുമായ പുനീത് ചത്വാൽ, ഇന്റർനാഷണൽ കൗൺസിൽ ഫോർ ടൂറിസം പാർട്ടിനേഴ്സ് പ്രസിഡന്റ് ജോഫ്ര ലിപ്മാൻ എന്നിവരുൾപ്പെടുന്നതാണ് ബോർഡ്. നവംബർ 15, 16 തീയതികളിൽ സ്വിറ്റ്സർലൻഡിലെ ആൻഡെർമാറ്റിൽ വേൾഡ് ടൂറിസം ഫോറം സംഘടിപ്പിക്കുന്ന ഇന്നവേഷൻ ഫെസിറ്റിവലിൽ അദീബ് അഹമ്മദ് പങ്കെടുക്കും.
വേൾഡ് ഇക്കണോമിക് ഫോറം സ്ഥാപകൻ ക്ലോസ് ഷ്വാബ്, ഹോട്ടൽപ്ലാൻ സി.ഇ.ഒ. ലൗറ മേയർ, പെട്രാഫ് ലിമിറ്റഡ് സി.ഇ.ഒ.യും തോമസ് കുക്ക് ഗ്രൂപ്പ് മുൻ സി.ഇ.ഒ.യുമായ പീറ്റർ ഫ്രാങ്കോസർ, ടി.ടി.സി. ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസർ ഷാനോൻ ഗുയാൻ, ചരിത്രകാരനും പുസ്തക രചയിതാവുമായ നിയാൽ ഫെർഗൂസൻ, ഗസ്റ്റ്റെഡി സി.ഇ.ഒ. അലക്സ് ലാംപേർട്ട് എന്നിവർ പങ്കെടുക്കും. വിനോദസഞ്ചാര മേഖലയിലെ വെല്ലുവിളികളെക്കുറിച്ചും മുന്നോട്ടുള്ള പരിഹാരങ്ങളെക്കുറിച്ചും ചർച്ചാവിഷയമാകും.