തിരുവനന്തപുരം: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ഇന്നുരാത്രി 12 മണിക്ക് അദാനി ഗ്രൂപ്പ് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കും. ഏറ്റെടുക്കലിന്റെ ഭാഗമായി വിമാനത്താവളം അലങ്കാരദീപങ്ങളാല്‍ അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. അന്‍പതു വര്‍ഷത്തേക്കാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് ലഭിച്ചിരിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളം ഇന്ന് അർധരാത്രി മുതൽ അദാനി തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന കമ്പനിയുടേതായി മാറും.
ഏയർപോർട്ട് അതോറിറ്റിയും അദാനിയും തമ്മിൽ കഴിഞ്ഞ ജനുവരിയിലാണ് ഇത് സംബന്ധിച്ച കരാർ ഒപ്പിട്ടത്. ആറ് മാസത്തിനകം ഏറ്റെടുക്കാനായിരുന്നു നിർദ്ദേശമെങ്കിലും വ്യോമയാന നിയന്ത്രണങ്ങളെ തുടർന്ന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മൂന്ന് വര്‍ഷത്തേക്ക് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ചാവും അദാനി വിമാനത്താവളം നടത്തുക. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ പങ്കെടുത്ത ടെണ്ടറിലാണ് അദാനി വിമാനത്താവളം പിടിച്ചത്.
ഒരു യാത്രക്കാരന് 168 രൂപ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കരാര്‍ പ്രകാരം അദാനി നല്‍കണം. യാത്രക്കാരുടെ എണ്ണത്തില്‍ കുറവുള്ള തിരുവനന്തപുരത്തേക്ക് പരമാവധി വിമാനങ്ങള്‍ എത്തിച്ച് മികവുറ്റതാക്കാനാവും അദാനി ശ്രമിക്കുക. വിമാനത്താവള കൈമാറ്റത്തിനെതരിയ ഹര്‍ജി സുപ്രീംകോടതിയില്‍ നില്‍ക്കെയാണ് കൈമാറ്റം. കൈമാറ്റ പ്രക്രിയ നടന്ന ശേഷം ഇക്കാര്യം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിക്കും.
അദാനിക്ക് വിമാനത്താവളം കൈമാറുന്നതിനെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീംകോടതിയില്‍ അപ്പീല്‍ നിലവിലുണ്ട്. ഇത് നിലനില്‍ക്കെയാണ് വിമാനത്താവളം ഏറ്റെടുക്കുന്നത്. പൂര്‍ണ സജ്ജമാകുന്നതുവരെ ആറു മാസത്തേക്ക് നിലവിലെ താരിഫ് നിരക്ക് തുടരുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.
നിലവിലുള്ള ജീവനക്കാരെ മൂന്ന് വർഷത്തേക്ക് ഡപ്യൂട്ടേഷനിലെടുക്കാനാണ് അദാനിയുടെ തീരുമാനം. വിമാനത്താവളത്തില്‍ 300 ജീവനക്കാരാണുള്ളത്. ഒരു വിഭാഗം ജീവനക്കാർക്ക് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലം മാറി പോകേണ്ടിവരും. നേരത്തെ ഉണ്ടായിരുന്ന വിമാനത്താവള വികസന അതോറിറ്റി തുടരാനും തീരുമാനിച്ചിട്ടുണ്ട്.