തെരുവുനായ്ക്കളുടെ ആക്രമണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറയുകയാണ്. ഇത്തരം അപകടകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കേരളം. ഇപ്പോഴിതാ തെരുവ് നായ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി മൃദുല മുരളി.
തെരുവുനായ്ക്കളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും പകരം ആനിമൽ ഷെൽട്ടറുകളുണ്ടാക്കി അവയെ പാർപ്പിക്കണമെന്നുമാണ് നടി ആവശ്യപ്പെടുന്നത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു മൃദുലയുടെ പ്രതികരണം. കൊലപാതകവും ഹീനമായ കുറ്റകൃത്യങ്ങളും ചെയ്യുന്നവരെ ശിക്ഷിക്കുന്നതിനു പകരം, മുഴുവൻ മനുഷ്യരാശിയേയും ഇല്ലായ്മ ചെയ്യണോ എന്ന് അവർ ചോദിക്കുന്നു. ‘തെരുവുനായ്ക്കളെ കൊല്ലുന്നത് നിർത്തൂ’ എന്ന ഹാഷ് ടാഗും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മൃദുലയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. മൃഗസ്നേഹികൾ ഇറങ്ങിയല്ലോ എന്ന കമന്റിന് ഇറങ്ങണമല്ലോ ആ പാവങ്ങൾക്ക് അതിന് പറ്റില്ലല്ലോ എന്ന് നടി മറുപടി നൽകി.