കൊച്ചി: നടൻ സിദ്ദിഖിനെതിരെ ലൈംഗിക പീഡന പരാതി നൽകി നടി. സംസ്ഥാന പോലീസ് മേധാവിക്ക് ഇ-മെയിൽ മുഖേനയാണ് പരാതി നൽകിയത്. ഇത് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. നടൻ സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞിരുന്നു. നടിയുടെ ആരോപണത്തിന് പിന്നാലെ സിദ്ദിഖ് ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു.
”പ്ലസ് ടു കഴിഞ്ഞ സമയത്ത് സോഷ്യൽ മീഡിയ വഴി ബന്ധപ്പെടുകയായിരുന്നു. വ്യാജമായി തോന്നുന്ന ഒരു അക്കൗണ്ടായിരുന്നു അത്. പക്ഷേ, അത് അദ്ദേഹത്തിന്റെ സ്വന്തം അക്കൗണ്ടായിരുന്നു. പിന്നീട് സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞതിന് ശേഷം മസ്കറ്റ് ഹോട്ടലിൽ ഒരു ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു. അന്ന് എനിക്ക് 21 വയസ്സാണ്. മോളേ… എന്ന് വിളിച്ചാണ് സമീപിച്ചത്. ഒരിക്കലും ഇദ്ദേഹം ഇങ്ങനെ പെരുമാറുമെന്ന് കരുതിയതേയില്ല. അവിടെ പോയപ്പോഴാണ് എന്നെ ലൈംഗികമായി ഉപദ്രവിച്ചത്.
അതൊരു കെണിയായിരുന്നു. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്ന് രക്ഷപ്പെട്ടതാണ്. സിദ്ധിഖ് നമ്പർ വൺ ക്രിമിനലാണ്. ഇപ്പോൾ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ അദ്ദേഹം കാര്യമായി സംസാരിക്കുന്നത് കേട്ടു. സ്വയം കണ്ണാടിയിൽ നോക്കിയാൽ അദ്ദേഹത്തിന് ക്രിമിനലിനെ കാണാം. ഇയാൾ കാരണം എനിക്ക് നഷ്ടപ്പെട്ടത് എന്റെ സ്വപ്നങ്ങളാണ്, എന്റെ മാനസികാരോഗ്യമാണ്. സഹായം ചോദിച്ച് ഞാൻ മുട്ടിയ വാതിലുകളൊന്നും തുറന്നില്ല.” നടി സിദ്ദിഖിനെതിരെ തുറന്നടിച്ചത് ഇങ്ങനെയായിരുന്നു
തുടർന്ന് നടിക്കെതിരെ സിദ്ദിഖ് പരാതിയുമായി രംഗത്തെത്തിയിരുന്നു. ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും ഇതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നുമാണ് പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ സിദ്ധിഖ് പറഞ്ഞത്. വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത ആരോപണങ്ങളാണ് നടി ഉന്നയിക്കുന്നത്. ഇപ്പോഴാണ് ലൈംഗികാരോപണം നടത്തിയിരിക്കുന്നത്. 2018 ൽ താൻ മോശമായ വാക്കുകൾ പ്രയോഗിച്ചുവെന്നാണ് ഇവർ പറയുന്നത്. പിന്നീട് ഉപദ്രവിച്ചുവെന്നായി ആരോപണം. സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് പോയപ്പോഴാണ് ഇവരെ കണ്ടത്. മാതാപിതാക്കൾക്കൊപ്പമല്ലാതെ ഇവരെ കണ്ടിട്ടില്ല. ഞാൻ അവരുമായി മോശം സംഭാഷണം നടത്തിയിട്ടില്ല. ശാരീരികവുമായി ഉപദ്രവിച്ചിട്ടില്ലെന്നും സിദ്ദിഖിന്റെ പരാതിയിൽ പറഞ്ഞിരുന്നു.