കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ പുനഃരാരംഭിച്ചു. കോടതി നിര്‍ദേശിച്ചതനുസരിച്ച് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് ബിജു പൗലോസ് കോടതിയില്‍ ഹാജരായി.
വിചാരണക്കോടതി മാറ്റണമെന്ന നടിയുടെയും സര്‍ക്കാരിന്റെയും ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് ശേഷം ആദ്യമായാണ് വിചാരണ കോടതി കേസ് പരിഗണിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരോട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഹൈക്കോടതി വിധിക്ക് പിറകെ കേസിലെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജി വച്ചിരുന്നു.
പ്രോസിക്യൂട്ടര്‍ മാറിയ സാഹചര്യത്തില്‍ കേസിലെ തുടര്‍ നടപടികള്‍ ഡിസംബര്‍ രണ്ടാം തീയതിയിലേക്ക് മാറ്റി. അതേസമയം, വിചാരണക്കോടതി മാറ്റില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.
അതേസമയം നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രദീപ് കുമാറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. നാല് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ കോടതി ഈ മാസം 30 ന് പരിഗണിക്കും.