ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീകോടതി തള്ളി. ഇക്കാര്യത്തിൽ തീരുമാനം വിചാരണകോടതി ജഡ്ജിക്ക് എടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സമയം നീട്ടാൻ വിചാരണ കോടതി ജഡ്ജിക്ക് നിർദ്ദേശം നല്കാൻ ആവില്ലെന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്. വിചാരണകോടതി സമയം നീട്ടാൻ ആവശ്യപ്പെട്ടാൽ അപ്പോൾ പരിഗണിക്കും. സമയം നീട്ടണമെങ്കിൽ വിചാരണ കോടതിക്ക് തങ്ങളെ സമീപിക്കാമെന്നും നീതിയുക്തമായ തീരുമാനം വിചാരണകോടതി ജഡ്ജിക്ക് എടുക്കാമെന്നും സുുപ്രീം കോടതി അറിയിച്ചു.
സംവിധായകൻ ദിലീപിനെതിരെ നടത്തിയ പുതിയ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്നാണ് സംസ്ഥാനം കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ അതേ സമയം, സംസ്ഥാനം നടത്തുന്നത് മാധ്യമവിചാരണയാണെന്ന് ദിലീപ് കോടതിയിൽ നിലപാടെടുത്തു. ദിലീപിനായി അഭിഭാഷകൻ മുകള്‍ റോത്തഗിയാണ് ഹാജരായത്. വിചാരണ നീട്ടി വയ്ക്കാൻ പല അടവുകളും സംസ്ഥാനം പകറ്റുകയാണെന്നും സർക്കാരിന് വിചാരണ നീട്ടിവയ്ക്കാൻ ആവശ്യപ്പെടാൻ അവകാശമില്ലെന്നും റോത്തഗി കോടതിയെ അറിയിച്ചു.
ദിലീപിന്റെ അഭിഭാഷകനായ മുകള്‍ റോത്തഗിയുടെ അഭ്യർത്ഥനയെ തുടർന്നാണ് ഹർജി ഇപ്പോൾ പരിഗണിച്ചത്.മറ്റൊരു കേസില്‍ ഹാജരാകേണ്ടതിനാല്‍ ഹർജി മാറ്റാന്‍ മുകുള്‍ റോത്തഗി കോടതിയോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, സിടി രവി കുമാർ എന്നിവരുടെ ബെഞ്ചാണ് സർക്കാരിന്റെ ഹർജി പരിഗണിച്ചത്.
