
നടി മമത കുൽക്കർണി മഹാ കുംഭമേളയിൽ പുണ്യസ്നാനം നടത്തി സന്യാസം സ്വീകരിച്ചു. കിന്നർ അഖാഡയുടെ ഭാഗമായി സന്യാസദീക്ഷ സ്വീകരിച്ച മമത (52) യാമൈ മമത നന്ദഗിരി എന്ന പേരും സ്വീകരിച്ചു. 2 വർഷമായി അഖാഡയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഇവർ. ചടങ്ങുകളുടെ ഭാഗമായുള്ള പിണ്ഡബലി ഇന്നലെ നിർവഹിച്ചു. മഹാദേവനും കാളീദേവിയും നല്കിയ നിയോഗമാണിതെന്ന് മമത മാധ്യമങ്ങളോടു പ്രതികരിച്ചു.
സന്യാസ ജീവിതം വളരെ വെല്ലുവിളി നിറഞ്ഞതാണെങ്കിലും ഒരാള്‍ക്ക് യഥാര്‍ഥ പ്രതിബദ്ധതയുണ്ടെങ്കില്‍ നിലനില്‍ക്കാനാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏറെക്കാലമായി സിനിമാ മേഖലയിൽ നിന്നു വിട്ടുനിൽക്കുന്ന മമത വിവാഹത്തിനു ശേഷം കെനിയയിലാണു താമസിച്ചിരുന്നത്. 25 വർഷത്തിനു ശേഷം ഈ മാസം ആദ്യമാണ് മമത ഇന്ത്യയിലെത്തിയത്.
മമതയ്ക്കും ഭർത്താവ് വിക്കി ഗോസാമിക്കും എതിരെയുള്ള 2,000 കോടി രൂപയുടെ ലഹരി മരുന്ന് കേസ് ബോംബെ ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റിൽ റദ്ദാക്കിയിരുന്നു. 2016 ൽ താനെയിൽ നിന്ന് ലഹരി മരുന്ന് പിടികൂടിയ സംഭവത്തിൽ നടിക്കും ഭർത്താവിനും പങ്കുണ്ടെന്നായിരുന്നു കേസ്. 1991 ലാണ് മമത സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. സൽമാൻ ഖാൻ നായകനായ കർൺ അർജുൻ ആണ് നടിയുടെ സൂപ്പർ ഹിറ്റ് ചിത്രം.
കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ചന്ദാമാമ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലെത്തി മലയാളത്തിലും മമത മുഖം കാണിച്ചു. 2003 ഓടെ മമത സിനിമാ ജീവിതം അവസാനിപ്പിച്ചെങ്കിലും ലഹരി മരുന്ന കേസിലടക്കം പ്രതി ചേർക്കപ്പെട്ട് വിവാദങ്ങളിൽപ്പെട്ടിരുന്നു. സന്യാസം സ്വീകരിക്കാനൊരുങ്ങുകയാണെന്ന് മമത ഇന്‍സ്റ്റഗ്രാമിലൂടെ നേരത്തെ ആരാധകരെ അറിയിച്ചിരുന്നു.
