മുംബൈ: നടനും മോഡലുമായ സിദ്ധാർത്ഥ് ശുക്ല അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈ കൂപ്പർ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന് 40 വയസ്സായിരുന്നു. റിയാലിറ്റി ഷോ ബിഗ് ബോസ് 13 ലെ വിജയിയായിരുന്നു സിദ്ധാർഥ്.
സിദ്ധാർത്ഥ് ശുക്ല ബാബുൽ കാ ആങ്കൻ ചൂട്ടെ നാ എന്ന ഷോയിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് അദ്ദേഹം ജാനേ പെച്ചാനെ സേ … യെ അജ്ഞാബി, ലവ് യു സിന്ദഗി എന്നിവയുൾപ്പെടെയുള്ള ഷോകളിൽ പ്രത്യക്ഷപ്പെട്ടു. ബാലിക വധു എന്ന സീരിയലിലൂടെയാണ് പ്രശസ്തനായത്. ബിഗ് ബോസിന് പുറമെ, ഫിയർ ഫാക്ടർ: ഖത്രോൻ കെ ഖിലാഡി 7 വിജയിയായിരുന്നു. സവ്ദാൻ ഇന്ത്യ, ഇന്ത്യസ് ഗോട്ട് ടാലന്റ് എന്നിവയുടെ അവതാരകനുമായിരുന്നു. 2014 ൽ ഹംപ്ടി ശർമ്മ കി ദുൽഹാനിയ എന്ന ചിത്രത്തിലൂടെ സിദ്ധാർത്ഥ് ശുക്ല ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.