ചെന്നൈ: തമിഴ് നടൻ അജിത് കുമാറിന്റെ പിതാവ് പി.എസ് മണി ഇന്ന് രാവിലെയായിരുന്നു അന്തരിച്ചത്. ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹം പുലർച്ചെയാണ് മരിച്ചത്. അദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ തമിഴ് സിനിമാ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ നിരവധി പേർ ചെന്നൈയിലെ വസതിയിൽ എത്തിയിരുന്നു. തമിഴ് സൂപ്പർതാരം വിജയ്യും അന്തിമോപചാരം അർപ്പിക്കാനെത്തി.
ക്യാമറയ്ക്ക് കര്‍ശന നിയന്ത്രണമുള്ളതിനാൽ ചടങ്ങിലെ വിജയ്യുടെ ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും അജിത്തിന്റെ വീട്ടിൽ കാറിൽ എത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അജിത് കുമാറും വിജയും തമിഴ് സിനിമയിൽ ഏകദേശം ഒരേ താരമൂല്യമുള്ളവരാണ്. അതേസമയം, അജിത്തും സഹോദരങ്ങളും അച്ഛന്റെ മരണവാർത്ത അറിയിക്കുകയും അദ്ദേഹത്തെ ചികിത്സിച്ചവർക്കും ആശ്വസിപ്പിച്ചവർക്കും നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പും പുറത്തിറക്കി.
പാലക്കാട് സ്വദേശിയാണ് പി.എസ് മണി. കൊൽക്കത്ത സ്വദേശിയായ മോഹിനിയാണ് പി.എസ് മണിയുടെ ഭാര്യ. അനൂപ് കുമാർ, അനിൽകുമാർ എന്നിവർ അജിത്തിൻ്റെ സഹോദരങ്ങളാണ്. ഉറക്കത്തിലാണ് അച്ഛന്റെ മരണം സംഭവിച്ചതെന്നും കുറിപ്പിൽ പറയുന്നു.