ന്യൂഡല്‍ഹി: പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിരോധിച്ച സിഖ് ഫോര്‍ ജസ്റ്റിസ് എന്ന തീവ്രവാദ സംഘടനയുടെ പ്രവര്ത്തകന് അറസ്റ്റില്‍. സിഖ് ഫോര്‍ ജസ്റ്റിസ് എന്ന തീവ്രവാദ സംഘടനയുടെ പ്രധാന പ്രവര്‍ത്തകരിലൊരാളായ ജസ്വീന്ദര് സിങ് മുള്‍ട്ടാനിയെ ജര്‍മനിയിലെ എര്‍ഫര്‍ട്ടില്‍ നിന്ന് ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ രാജ്യത്ത് എത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കും.
ഇന്ത്യയില്‍ വലിയൊരു ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താന് കേന്ദ്രങ്ങളിലൂടെയും കള്ളക്കടത്തുകാരിലൂടെയും സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന രാജ്യത്തേക്ക് ആയുധങ്ങള്‍ കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചിരുന്നു. സ്ഫോടക വസ്തുക്കള്‍, ആയുധങ്ങള്‍, ഗ്രനേഡുകള്‍ തുടങ്ങയവ പാക്കിസ്താന്റെയും കള്ളക്കടത്തുകാരുടെയും സഹായത്തോടെ അതിര്‍ത്തി വഴി രാജ്യത്ത് എത്തിച്ചിരുന്നെന്ന വിവരവും ലഭിച്ചിരുന്നു.
കര്‍ഷക സമരം തകര്‍ക്കാന്‍ കര്‍ഷക നേതാവ് ബല്‍ബീര്‍ സിങ് രാജേവാളിനെ കൊല്ലാന്‍ പദ്ധതിയിട്ട സംഭവവുമായി ബന്ധപ്പെട്ടാണ് മുള്‍ട്ടാനിയുടെ പേര് പോലീസ് റാഡറില്‍ ആദ്യം ഉയരുന്നത്. ഒരു പ്രധാന കര്‍ഷക നേതാവിനെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ ജസ്വീന്ദര് സിങ് മുള്ട്ടാനിയെന്ന ജര്‍മനി ആസ്ഥാനമായുള്ള ഖാലിസ്ഥാന്‍ അനുകൂല നേതാവില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതായി കേസില്‍ അറസ്റ്റിലായ ആള് വെളിപ്പെടുത്തിയിരുന്നു.