തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ എടുക്കുന്ന അദ്ധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്. വീഡിയോകളും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പോലീസ് അറിയിച്ചു. ഫേസ്ബുക്ക് പേജിലൂടെയാണ് കേരള പോലീസ് ഇക്കാര്യം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ …
ഈ മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആവിഷ്ക്കരിച്ചിരിക്കുന്ന ബദല്‍ സംവിധാനങ്ങളെയും അദ്ധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികള്‍ ഭൂഷണമല്ല. നമ്മുടെ കുട്ടികളും ഇതൊക്കെ കണ്ട് വളരുന്നവരാണെന്ന ബോധ്യവും ഏവര്‍ക്കുമുണ്ടാകണം.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്കൂളുകളിലും മറ്റും ക്ളാസുകൾ ആരംഭിക്കാന്‍ വൈകുന്നതിനാല്‍ ഓണ്‍ലൈന്‍ ക്ളാസുകൾ വഴി പഠനം നടക്കുകയാണ്. ചില ചാനലിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും മറ്റും ക്ലാസ്സെടുക്കുന്ന അദ്ധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യ വിരുദ്ധര്‍ ദുരുപയോഗം ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി സൈബര്‍ വിംഗിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.