മനാമ: റമദാൻ മാസത്തിൽ ബഹ്റൈനിലെ പാർപ്പിട മേഖലകളിലോ വാണിജ്യ മേഖലയിലോ സ്ഥാപിക്കുന്ന അനധികൃത ടെൻ്റുകൾ ഉടൻ പൊളിച്ചുനീക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സിവിൽ ഡിഫൻസ്, മുനിസിപ്പൽ ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. താൽക്കാലിക വൈദ്യുതി കണക്ഷനും ശീഷ പുകവലിയും തീപിടിത്തത്തിന് കാരണമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ആരോഗ്യസുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ തുടർച്ചയായ പരിശോധന നടത്തും. റമദാൻ തമ്പ് ലൈസൻസിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ഐഡി കാർഡ് പകർപ്പ് സഹിതം അപേക്ഷ സമർപ്പിക്കണം. ജനവാസ മേഖലയിലാണെങ്കിൽ മുനിസിപ്പാലിറ്റിയുടെ അംഗീകാരവും സിവിൽ ഡിഫൻസിന്റെ അംഗീകാരവും നേടിയിരിക്കണമെന്നും നിശ്ചിത കാലയളവിനുശേഷവും തമ്പ് നീക്കം ചെയ്തില്ലെങ്കിൽ പിഴയീടാക്കുമെന്നും അധികൃതർ അറിയിച്ചു.