തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാൾ രോഗികളോടും കൂട്ടിരിപ്പുകാരോടും മോശമായി പെരുമാറുന്ന നടപടികൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് കേസ് തീർപ്പാക്കി.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരനായ യുവാവിനെ സുരക്ഷാ ജീവനക്കാർ ക്രൂരമായി മർദ്ദിച്ചെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പൊതു പ്രവർത്തകനായ ജോസ് വൈ ദാസും പരാതി നൽകിയിരുന്നു.
ആരോപണ വിധേയരായ സുരക്ഷാ ജീവനക്കാരെ ഡ്യൂട്ടിയിൽ നിന്നും മാറ്റി നിർത്തിയതായി റിപ്പോർട്ടിൽ പറയുന്നു. മർദ്ദനമേറ്റ അരുൺദേവിന്റെ മൊഴി പ്രകാരം മൂന്ന് സുരക്ഷാ ജീവനക്കാർക്കെതിരെ മെഡിക്കൽ കോളേജ് സ്റ്റേഷനിൽ ക്രൈം 2369/21 പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് തിരുവനന്തപുരം ഐ ജി കമ്മീഷനെ അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
ചിറയിൻകീഴ് കീഴ്വിലും സ്വദേശി അരുൺദേവിനാണ് (28) മർദ്ദനമേറ്റത്. തർക്കത്തിനൊടുവിൽ അരുണിനെ പിടിച്ച് വലിച്ച് വിശ്രമമുറിയുടെ സമീപത്ത് എത്തിച്ച് ജീവനക്കാർ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ മർദ്ദനദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു.
പഴയ മോർച്ചറിക്ക് എതിർവശം 17, 18, 19 വാർഡുകളിലേക്കുള്ള പ്രവേശന ഗേറ്റിൽ 2021 നവംബർ 19 നാണ് സംഭവമുണ്ടായത്. 17- mw വാർഡിൽ ചികിത്സയിൽ കഴിയുന്ന അമ്മൂമ്മക്ക് 2 ദിവസമായി അരുൺ കൂട്ടിരിക്കുകയായിരുന്നു. ഇക്കോ ടെസ്റ്റിന്റെ ഫലം വാങ്ങി വരുമ്പോഴാണ് സുരക്ഷാ ജീവനക്കാർ തടഞ്ഞത്. പ്രവേശന പാസ് കാണിച്ചിട്ടും കടത്തിവിട്ടില്ല. ഇത് ചോദ്യം ചെയ്ചപ്പോൾ സുരക്ഷാ ജീവനക്കാർ അസഭ്യം വിളിച്ചു.
