ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് (85) അന്തരിച്ചു. ലക്നൗവിലെ സഞ്ജയ് ഗാന്ധി പിജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെ തുടർന്ന് ഫെബ്രുവരി മൂന്നിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംസ്കാരം വ്യാഴാഴ്ച അയോദ്ധ്യയിലെ സരയൂനദിയുടെ തീരത്ത് നടത്തുമെന്ന് അധികൃതർ അറിയിച്ചു.1992 മാർച്ച് ആറിനാണ് ആചാര്യ സത്യേന്ദ്ര ദാസ് അയോദ്ധ്യയിൽ മുഖ്യപൂജാരിയായി ചുമതല ഏറ്റെടുത്തത്. അതേവർഷം ഡിസംബറിൽ ബാബറി മസ്ജിദ് പൊളിച്ചതോടെ അന്നത്തെ രാംലല്ല വിഗ്രഹം ടെന്റിലേക്ക് മാറ്റി. പിന്നീട് 2020 മാർച്ച് 25നാണ് രാംലല്ല വിഗ്രഹം ടെന്റിൽ നിന്ന് മാറ്റിയത്. 28 വർഷത്തോളം ടെന്റിനകത്തുവച്ചാണ് ആചാര്യ സത്യേന്ദ്ര ദാസ് പൂജ നടത്തിയിരുന്നത്.
