പത്തനംതിട്ട: ഒപ്പം താമസിച്ചിരുന്ന യുവതിയെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി പിടിയിൽ. ചെറുകോൽ കീക്കൊഴുർ പുള്ളിക്കാട്ടിൽപടി മലർവാടി ജംഗ്ഷന് സമീപം ഇരട്ടത്തല പനയ്ക്കൽ വി എ രാജുവിന്റെ മകൾ രജിതമോൾ (27) ആണ് കൊല്ലപ്പെട്ടത്. റാന്നി ബ്ലോക്കുപടി വടക്കേടത്ത് അതുൽ സത്യനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തിനുശേഷം അതുൽ ബൈക്കിൽ കയറി രക്ഷപ്പെട്ടിരുന്നു. അതുലിന് കാര്യമായ പരിക്കുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചതിനുശേഷം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോകും. നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു കൊല നടന്നത്. അതുലുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് എത്തിയതായിരുന്നു രജിത. അതുൽ കത്തിയുമായി വീട്ടിൽ കയറി വെട്ടുകയായിരുന്നു. തടസം നിന്ന രാജുവിനും (60), ഭാര്യ ഗീത (51), ഇളയമകൾ അപ്പു (18) എന്നിവർക്കും വെട്ടേറ്റു. എല്ലാവരെയും റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രജിതയുടെ ജീവൻ രക്ഷിക്കാനായില്ല.
രാജുവിന് അടിയന്തര ഓപ്പറേഷൻ വേണമെന്ന് ഡോക്ടർമാർ അറിയിച്ചു. മറ്റുള്ളവരുടെ പരിക്കുകൾ ഗുരുതരമല്ല. ഒരാഴ്ച മുമ്പ് അതുൽ പത്തനാപുരത്ത് റബർത്തോട്ടത്തിൽ രജിതയെ കൂട്ടിക്കൊണ്ടുപോയി കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ വീഡിയോ രജിതയുടെ മാതാവിനെയും കാണിച്ചിരുന്നു. ഇയാൾക്കെതിരെ രജിത പൊലീസിൽ പരാതിപ്പെട്ടതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.