കൊച്ചി: നരബലിക്കേസിൽ അറസ്റ്റിലായ 3 പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളെ ഈ മാസം 24 വരെ റിമാൻഡ് ചെയ്തത്. ഭഗവൽ സിങ്, ഭാര്യ ലൈല, ഷാഫി എന്നിവരെയാണ് റിമാൻഡ് ചെയ്തത്.
അതേസമയം, മനുഷ്യമാംസം ഭക്ഷിച്ചെന്ന ആരോപണം പ്രതികൾ നിഷേധിച്ചു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന കാക്കനാട് ജില്ലാ ജയിൽ വളപ്പിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മാംസം കഴിച്ചില്ലെന്ന് പറഞ്ഞത്. അതേസമയം, നരഹത്യ കേസിലെ പ്രതികളുടെ അഭിഭാഷകൻ പൊലീസിനെതിരെ കോടതിയിൽ ആരോപണം ഉന്നയിച്ചു.
മനുഷ്യബലി നടത്തിയെന്നും മനുഷ്യമാംസം ഭക്ഷിച്ചുവെന്നും മൊഴി നൽകാൻ പൊലീസ് നിർബന്ധിച്ചുവെന്ന് പ്രതികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. മാപ്പുസാക്ഷിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് മറ്റുള്ളവർക്കെതിരെ മൊഴി നൽകാൻ പ്രതികളെ നിർബന്ധിച്ചെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു.