നെവാഡ: മഞ്ഞ് നീക്കം ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തില്‍ നടൻ ജെറമി റെന്നർ ഗുരുതരാവസ്ഥയിൽ. താരത്തിന്റെ വക്താവാണ് വിവരം പുറത്തുവിട്ടത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്. ഉടൻ തന്നെ വിമാനമാർഗം ആശുപത്രിയിലെത്തിച്ചു. മികച്ച ചികിത്സയാണ് താരത്തിന് നല്‍കുന്നതെന്നും അപകടനില തരണം ചെയ്തെങ്കിലും ഗുരുതരാവസ്ഥയിൽ തന്നെയാണെന്നും ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജെറമി റെന്നർ വാഷോവിലെ അതി ശൈത്യമുള്ള പ്രദേശത്താണ് താമസിക്കുന്നത്. പുതുവത്സര തലേന്ന് മഞ്ഞുവീഴ്ചയെ തുടർന്ന് ഇവിടെ 35,000 വീടുകളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു.
അവഞ്ചേഴ്സ് സിനിമയിലെ ഹോക്ക് ഐ എന്ന കഥാപാത്രത്തിലൂടെയാണ് ജെറമി റെന്നർ കൂടുതൽ അറിയപ്പെടുന്നത്. ദി ടൗൺ, മിഷൻ ഇംപോസിബിൾ, അമേരിക്കൻ ഹസ്റ്റിൽ, 28 വീക്ക്സ് ലേട്ടർ എന്നിവയാണ് റെന്നറിന്റെ മറ്റ് ശ്രദ്ധേയമായ ചിത്രങ്ങൾ. 2021 ൽ പുറത്തിറങ്ങിയ ബാക്ക് ഹോം എഗെയ്ൻ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ക്യാപ്റ്റൻ അമേരിക്ക, അവഞ്ചേഴ്സ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജെറമി രണ്ട് തവണ ഓസ്കാർ നോമിനേഷൻ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.