
പാലക്കാട്: കല്ലടിക്കോട്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറി നാലു കുട്ടികള്‍ ദാരുണമായി മരിച്ചു. ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു.
ചെറുള്ളി അബ്ദുല്‍ സലാമിന്റെ മകള്‍ ഇര്‍ഫാന ഷെറിന്, അബ്ദുല്‍ റഫീഖിന്റെ മകള്‍ റീത ഫാത്തിമ, സലാമിന്റെ മകള്‍ നിത ഫാത്തിമ, ഷറഫുദ്ദീന്റെ മകള്‍ എ.എസ്. എഷ എന്നിവരാണ് മരിച്ചത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണിവര്‍. മരിച്ചവരിലൊരാളുടെ മൃതദേഹം മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
റോഡരികിലൂടെ നടന്നുപോകുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. പാലക്കാട്- കോഴിക്കോട് ദേശീയപാതയിലാണ് അപകടം. തമിഴ്നാട്ടില്‍നിന്ന് സിമന്റ് കയറ്റി വന്ന ലോറി മറ്റൊരു ലോറിയിലിടിച്ച് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.
പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ വീട്ടിലേക്കു മടങ്ങാന്‍ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു. നിയന്ത്രണം വിട്ട ലോറി പാഞ്ഞുവരുന്നത് കണ്ട് ഒരു വിദ്യാര്‍ത്ഥിനി ചാടിമാറി. മറ്റു കുട്ടികളുടെ മുകളിലേക്കു ലോറി മറിയുകയായിരുന്നു. കുട്ടികളെ കരിമ്പയിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. അപകടത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വാഹനങ്ങള്‍ ഉപരോധിച്ചു.
