അബുദാബി: അബുദാബി മുസഫയിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര് മരണപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ രണ്ട് പേര് ഇന്ത്യക്കാരും ഒരാള്‍ പാകിസ്ഥാന് സ്വദേശിയുമാണെന്ന് അബുദാബി പൊലീസ് അറിയിച്ചിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്നവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
അബുദാബി നാഷണൽ ഓയിൽ കമ്പനിക്ക് (അഡ്നോക്) സമീപമുള്ള മുസഫ ഐസിഎഡി 3 ഏരിയയിൽ തിങ്കളാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തമാണ് സ്ഫോടനത്തിൽ കലാശിച്ചതെന്ന് അബുദാബി പോലീസ് (എഡിപി) അറിയിച്ചു. അബുദാബി വിമാനത്താവളത്തിന് സമീപം പുതിയ നിർമ്മാണ മേഖലയിലും സ്ഫോടനമുണ്ടായി. തീ പിടുത്തം നിയന്ത്രണ വിധേയമായെന്നാണ് അധികൃതർ അറിയിക്കുന്നത്. സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അധികാരികൾ അന്വേഷണം ആരംഭിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി (WAM) റിപ്പോർട്ട് ചെയ്തു.