ലെ സാബ്ലെ ദെലോൻ (ഫ്രാൻസ്): അപ്രതീക്ഷിതമായ ഒരു അപകടത്തിനോ അപകടകരമായ തിരമാലകൾക്കോ തകർക്കാൻ കഴിയില്ലെന്ന ആത്മവിശ്വാസവുമായി കമാൻഡർ അഭിലാഷ് ടോമിയുടെ സാഹസിക സമുദ്രസഞ്ചാരം ഇന്നുമുതൽ.
ഗോൾഡൻ ഗ്ലോബ് പായ്വഞ്ചിയോട്ട വള്ളംകളിയുടെ പുതിയ പതിപ്പിലാണ് 43 കാരനായ താരം പങ്കെടുക്കുന്നത്, നാല് വർഷം മുമ്പ് ഒരു അപകടം കാരണം മത്സരം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഫ്രാൻസിലെ ലെ സാബ്ലെ ദെലോൻ തുറമുഖത്ത് ഇന്ന് ഇന്ത്യൻ സമയം രാത്രി 7.30ന് മത്സരം ആരംഭിക്കും. അഭിലാഷിന്റേതടക്കം 16 പായ് വഞ്ചികളാണ് മത്സരത്തിലുള്ളത്.
ലെ സാബ്ലെ ദെലോനിൽനിന്ന് ആരംഭിച്ച്, ഒറ്റയ്ക്ക് ഒരിടത്തും നിർത്താതെ കടലിലൂടെ 48,000 കിലോമീറ്ററോളം ചുറ്റി തുടങ്ങിയിടത്തു തന്നെ തിരികെയെത്തുന്നതാണ് മത്സരം. അരനൂറ്റാണ്ട് മുമ്പ് സമുദ്രയാത്രകൾക്ക് ഉപയോഗിച്ച സാങ്കേതികവിദ്യകളെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരിക്കണം യാത്രയെന്നതാണ് പ്രധാന നിബന്ധന. മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥനായ അഭിലാഷ് ബയാനത് എന്ന പായ് വഞ്ചിയിൽ മത്സരിക്കും.