തിരുവനന്തപുരം: പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് യൂത്ത് കോൺഗ്രസ്. ധനകാര്യ വകുപ്പ് മന്ത്രി നടത്തിയ യുവജന സംഘടന നേതാക്കളുടെ യോഗത്തിലാണ് യൂത്ത് കോൺഗ്രസ് ഇക്കാര്യം ആവശ്യപ്പെട്ടത്. പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിച്ച്
പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമനങ്ങൾ വേഗത്തിലാക്കണമെന്നും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
വന്ദേ ഭാരത്, സബർബൻ എന്നീ പദ്ധതികൾ കേരളത്തിന് ഉപയോഗപ്രദമാക്കുവാൻ സാധിക്കുമോ എന്നും, നിലവിലുള്ളപാത നവീകരിച്ച് പാരിസ്ഥിതിക ആഘാതവും ചെലവും കുറച്ച് കൂടുതൽ വേഗത്തിൽ ഓടുന്ന ട്രെയിനുകൾ കൊണ്ടു വരുവാൻ സാധിക്കുമോ യെന്നുള്ള ആഴത്തിലുള്ള പഠനം നടത്തണമെന്നും ഇത്തരം സാധ്യതകൾ പരിശോധിക്കാതെ കെ- റെയിലുമായി മുന്നോട്ട് പോകരുതെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെട്ടു.
ഇവയ്ക്ക് പുറമെ യൂത്ത് കോൺഗ്രസ് ഉന്നയിച്ച ആവശ്യങ്ങൾ – മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് പുറമെ മുഴുവൻ സർക്കാർ ഡോക്ടർമാരുടെയും പെൻഷൻ പ്രായം 62 ആക്കുവാനുള്ള നീക്കം ഉപേക്ഷിക്കണം.നിയോജകമണ്ഡല അടിസ്ഥാനത്തിൽ കുട്ടികളെ കണ്ടെത്തി പരിശീലിപ്പിക്കുവാൻ സ്പോർട്സ് അക്കാഡമി ആരംഭിക്കുവാനുള്ള നടപടി സ്വീകരിക്കുക. മുഴുവൻ പഞ്ചായത്തുകളിലും പൊതു കളിസ്ഥലങ്ങൾ നിർമ്മിക്കണം.
പഞ്ചായത്തുകൾക്ക് അതിനു വേണ്ടിയുള്ള സ്ഥലം ഇല്ലാത്ത പക്ഷം അത് വാങ്ങുവാനുള്ള സാമ്പത്തിക സഹായം വകയിരുത്തണം.
ലൈഫ് ഭവന പദ്ധതിയുടെ സങ്കീർണ്ണതകൾ ലഘൂകരിക്കുകയും ഭവന നിർമ്മാണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉണ്ടായിരുന്ന അധികാരം തിരികെ നൽകുകയും വേണം. പഞ്ചായത്ത് തല കേരളോത്സവ സംഘാടനത്തിനായി കൂടുതൽ തുക വകയിരുത്തുകയും പഞ്ചായത്ത് തല യൂത്ത് കോഡിനേറ്റർമാരുടെ നിയമനം ഉറപ്പ് വരുത്തുകയും ചെയ്യുക. കൂടാതെ പഞ്ചായത്ത് തല യൂത്ത് കോഡിനേറ്റർമാർക്ക് കോവിഡ് പ്രതിരോധത്തിനുൾപ്പെടെയുള്ള കാര്യങ്ങൾക്ക് കൂടുതൽ ചുമതലകൾ നൽകുകയും അവരുടെ ഓണറേറിയം വർദ്ധിപ്പിക്കുവാനുള്ള നടപടികളും സ്വീകരിക്കുക.