ന്യൂഡല്‍ഹി: ബിജെപി ആസ്ഥാനത്തേക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി നടത്തുന്ന പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു. ബിജെപി ഓഫീസിലേക്കുള്ള വഴി ബാരിക്കേഡ് വച്ച് തടഞ്ഞു. പ്രവര്‍ത്തകരോട് പിരിഞ്ഞു പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ തയ്യാറായില്ല. ബാരിക്കേഡിന് മുന്നില്‍ കെജരിവാളും പ്രവര്‍ത്തകരും കുത്തിയിരിക്കുകയാണ്.
പാര്‍ട്ടിയെ തകര്‍ക്കാന്‍ ഓപ്പറേഷന് ചൂലിന് ബിജെപി ശ്രമം നടത്തുകയാണെന്നും ഒരു കെജരിവാളിനെ അറസ്റ്റ് ചെയ്താല്‍ നൂറ് കേജ്രിവാളുമാര് ജന്മമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാര്‍ച്ചിന് മുന്നോടിയായി ഡല്‍ഹിയില്‍ 144 പ്രഖ്യാപിച്ചിരുന്നു. സമരത്തിന്റെ ഭാഗമായി ഐടിഒയിലെ മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ആം ആദ്മി പാര്‍ട്ടിയുടെ ആസ്ഥാനത്തിനു മുന്നില്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. കെജരിവാള്‍ സംസാരിക്കുന്നതിനിടെ അദ്ദേഹത്തിനെതിരെ സദസില്‍നിന്നും പ്രതിഷേധമുണ്ടായി. പ്രതിഷേധിച്ചയാളെ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
അതേസമയം മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വീട്ടില്‍ ഡല്‍ഹി പൊലീസ് എത്തി. സ്വാതി മലിവാളിന്റെ പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് പൊലീസ് എത്തിയിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയെ ഇല്ലാതാക്കാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. എഎപിയുടെ വളര്‍ച്ചയില്‍ മോദിക്ക് ആശങ്കയാണ്. അതിന്റെ ഭാഗമായാണു തന്നെയും മനീഷ് സിസോദിയെയും ജയിലില്‍ അടച്ചത്.
ഉടന്‍ എഎപി നേതാക്കളുടെ അക്കൗണ്ടുകളും മരവിപ്പിക്കും. ഡല്‍ഹിയിലും ഹരിയാനയിലും നല്ല ഭരണം നടത്താന്‍ ആം ആദ്മി പാര്‍ട്ടിക്ക് മാത്രമേ സാധിക്കുകയുള്ളൂ. ബിജെപിക്ക് അതിനു കഴിയില്ല. വരുംകാല രാഷ്ട്രീയത്തില്‍ ബിജെപിയുടെ ഏറ്റവും വലിയ എതിരാളിയായി ആം ആദ്മി പാര്‍ട്ടി മാറുമെന്ന ബോധ്യം പ്രധാനമന്ത്രിക്കുണ്ട്. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ ദരിദ്രര്‍ക്ക് രാജ്യം മുഴുവന്‍ സൗജന്യമായി വൈദ്യുതി വിതരണം ചെയ്യും. ആയിരം രൂപ വീതം വനിതകള്‍ക്ക് അവരുടെ അക്കൗണ്ടുകളില്‍ എത്തിച്ചു നല്‍കുമെന്നും കെജരിവാള്‍ പറഞ്ഞു.