ന്യൂഡൽഹി: ദേശീയ തലത്തിൽ, 21.91 കോടി (92.8%) റേഷൻ കാർഡുകളും, 70.94 കോടി (90%) എൻഎഫ്എസ്എ ഗുണഭോക്താക്കളെയും ആധാറുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി രാജ്യസഭയിൽ രേഖാമൂലം മറുപടി നൽകി. രാജ്യത്ത്, 23/07/2021 വരെ, ഏകദേശം 4.98 ലക്ഷം (92.7%) ന്യായവില കേന്ദ്രങ്ങളിൽ ഇ-പോസ് ഉപകരണങ്ങൾ ഉണ്ട്.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 (എൻഎഫ്എസ്എ) ആനുകൂല്യങ്ങൾ രാജ്യവ്യാപകമായി ലഭ്യമാക്കുന്നതിനുള്ള ‘വൺ നേഷൻ വൺ റേഷൻ കാർഡ്’ (ഒഎൻഒ ആർസി) പദ്ധതി നിലവിൽ 33 സംസ്ഥാനങ്ങളിൽ / കേന്ദ്രഭരണപ്രദേശങ്ങളിലെ 86.7% എൻഎഫ്എസ്എ ഗുണഭോക്താക്കളെ (ഏകദേശം 69 കോടി എൻഎഫ്എസ്എ ഗുണഭോക്താക്കൾ) ഉൾപ്പെടുത്തി ലഭ്യമാക്കിയിട്ടുണ്ട്.
കേരളത്തിൽ,റേഷൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്നത് 100 ശതമാനവും , ഗുണഭോക്താക്കളുടെ ആധാർ സീഡിംഗ് 96 ശതമാനവും , ന്യായവില ഷോപ്പ് ഓട്ടോമേഷൻ 100 ശതമാനവും പൂർത്തിയാക്കി.