തിരുവനന്തപുരം: എസ്എഫ്ഐക്കെതിരായ വിമര്‍ശനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ഡിവൈഎഫ്ഐ. ബിനോയ് വിശ്വം പറഞ്ഞത് വസ്തുതകളല്ലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹിം എംപി പറഞ്ഞു. ഇടതുപക്ഷ ഐക്യത്തിന്റെ പ്രസക്തി സിപിഐ സെക്രട്ടറി മനസ്സിലാക്കണം. ശക്തമായ മറുപടി പറയാന്‍ ഡിവൈഎഫ്ഐക്ക് അറിയാം. ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന ഏറ്റുമുട്ടലിലേക്ക് പോകാന്‍ ഡിവൈഎഫ്ഐ ആഗ്രഹിക്കുന്നില്ല. റഹിം വ്യക്തമാക്കി.
ബിനോയ് വിശ്വം ഇരിക്കുന്ന പദവിക്ക് യോജിച്ചതാണോ പ്രസ്താവനയെന്ന് അദ്ദേഹം തന്നെ ആത്മപരിശോധന നടത്തണം. ബിനോയ് വിശ്വത്തിന് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തെ ജനാധിപത്യ ബോധത്തോടെ കാണുന്നു. എന്നാല്‍ പ്രസ്താവന വസ്തുതാപരമാണോയെന്ന് പരിശോധിക്കണം. ബിനോയ് വിശ്വത്തെ തിരുത്തുക എന്നതിനുപരി, ഇടതുപക്ഷ ഐക്യത്തിനാണ് ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നത് എന്നതാണ് ഡിവൈഎഫ്ഐയുടെ നിലപാട് എന്നും റഹീം പറഞ്ഞു.
രാജ്യത്ത് നീറ്റ്- നെറ്റ് കുംഭകോണങ്ങള്‍ പുറത്തു വന്നതോടെ രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആശങ്ക ഉയരുകയാണ്. നീറ്റ് കൗണ്‍സലിങും മാറ്റിവെച്ചു. കേന്ദ്രമന്ത്രാലയങ്ങള്‍ നിരുത്തരവാദപരമായാണ് വിഷയം കൈകാര്യം ചെയ്യുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ കുറ്റകരമായ അലംഭാവമാണ് വെച്ചു പുലര്‍ത്തുന്നത്.
ജൂണ്‍ മാസത്തില്‍ പൂര്‍ത്തിയാക്കേണ്ട നീറ്റ് പിജി പരീക്ഷയാണ് ഓഗസ്റ്റ് മാസത്തിലേക്ക് മാറ്റിയത്. ഇതു വിദ്യാര്‍ത്ഥികളുടെ അക്കാദമിക് ഇയറിനെ ബാധിക്കും. ഇതു പരിഹരിക്കാനാകാത്ത അലംഭാവമാണ്. അനിശ്ചിതത്വങ്ങളുടെ പൊരിവെയിലത്ത് വിദ്യാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രത്തിന്റെ ഈ അനാസ്ഥയ്ക്കെതിരെ ഡിവൈഎഫ്ഐ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഎ റഹിം പറഞ്ഞു.