വടകര: കോട്ടത്തുരുത്തിപ്പുഴയിൽ അഴിമുഖത്തിനടുത്ത് മീൻ പിടിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചേളാരി സ്വദേശി മുഹമ്മദ് ഷാഫിയുടെ (42) മൃതദേഹമാണ് മിനി ഗോവ ബീച്ചിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ എട്ടുമണിക്കാണ് ഷാഫി ഒഴുക്കിൽപ്പെട്ടത്. മലപ്പുറം ചേളാരിയിൽനിന്ന് 5 പേരടങ്ങിയ സംഘത്തിനൊപ്പമാണ് ഷാഫി എത്തിയത്. മത്സ്യബന്ധനത്തിനിടയിൽ വല ആഴ്ന്നു വലിക്കാൻ ശ്രമിക്കുമ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. കൂടെയുണ്ടായിരുന്ന ആൾ കയറിട്ടുകൊടുത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തൊട്ടടുത്തുണ്ടായിരുന്ന വള്ളത്തിലെ മത്സ്യത്തൊഴിലാളികൾ അടുത്തെത്തുമ്പോഴേക്കും ഷാഫി മുങ്ങിപ്പോയിരുന്നു. തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ ഒൻപതോടെ മൃതദേഹം തീരത്തടിയുകയായിരുന്നു.