പാലക്കാട്: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പേവിഷബാധയേറ്റ് ചെർപ്പുളശ്ശേരി വെള്ളിനേഴിയിൽ എർളയത്ത് ലതയാണ് (53) തൃശ്ശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്. ആഗസറ്റ് 28 ഉത്രാടം നാളിലാണ് ലതയെ തെരുവുനായ കടിച്ചത്. വീട്ടിലേയ്ക്ക് സ്ഥിരമായി വരാറുള്ള തെരുവുനായ ഇവരുടെ മൂക്കിൽ കടിക്കുകയായിരുന്നു. എന്നാൽ ലത പ്രതിരോധ വാക്സിനേഷൻ സ്വീകരിച്ചിരുന്നില്ല. പിന്നാലെ പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയായിരുന്നു.
അതേസമയം വർദ്ധിച്ചുവരുന്ന തെരുവുനായ ആക്രമണത്തിൽ സുപ്രീം കോടതിയും കഴിഞ്ഞ ദിവസം ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ എന്തുചെയ്യാൻ കഴിയുമെന്ന് നോക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്ര ചൂഡ് വ്യക്തമാക്കി. നായയുടെ ആക്രമണത്തിൽ പരിക്കേറ്റ് അഭിഭാഷകന്റെ കൈയിലെ മുറിവ് ചീഫ് ജസ്റ്റിസ്റ്റിന്റെ ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് തെരുവുനായ വിഷയം ഉയർന്നുവന്നത്. മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ അഡ്വ. കുനാൽ ചാറ്റർജിയുടെ ബാൻഡേജിട്ട കൈ കണ്ടപ്പോൾ എന്താണ് സംഭവിച്ചതെന്ന് ചീഫ് ജസ്റ്റിസ് ആരായുകയായിരുന്നു. വീടിനടുത്ത് അഞ്ച് തെരുവുനായ്ക്കൾ വേട്ടയാടിയെന്ന് അഭിഭാഷകൻ മറുപടി നൽകി.
തെരുവുനായ ആക്രമണങ്ങൾ വലിയ ഭീഷണിയായി മാറുകയാണെന്ന് ബെഞ്ചിലെ ജസ്റ്റിസ് പി എസ് നരസിംഹ നിരീക്ഷിച്ചു. തെരുവുനായ ശല്യത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണമെന്ന് കോടതിയിലുണ്ടായിരുന്ന മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയ ആവശ്യപ്പെട്ടു. ഇതോടെ ഇക്കാര്യം നോക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.