
ചെന്നൈ: തമിഴ്നാട്ടിലെ കുംഭകോണത്ത് കോളേജിലെ ടോയ്ലെറ്റില് വിദ്യാര്‍ത്ഥിനി പ്രസവിച്ചു. പ്രസവത്തിന് ശേഷം കുട്ടിയെ ഒളിപ്പിച്ച വിദ്യാര്‍ത്ഥിനി തുടര്‍ന്ന് ക്ലാസ്റൂമിലേക്ക് എത്തുകയും പിന്നാലെ കുഴഞ്ഞ് വീഴുകയും ചെയ്തു. ഉടനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്കിയ വിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടി നല്കിയ വിവരം അനുസരിച്ച് പരിശോധന നടത്തുകയും ടോയ്ലെറ്റിന് സമീപത്ത് നിന്ന് നവജാത ശിശുവിനെ കണ്ടെത്തുകയും ചെയ്തു.

പിന്നാലെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നിരീക്ഷണത്തിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുവായ 27 വയസ്സുകാരനുമായി പ്രണയത്തിലായിരുന്നെന്നും ഇയാളാണ് കുഞ്ഞിന്റെ പിതാവെന്നും വിദ്യാര്‍ത്ഥിനി പൊലീസിനു മൊഴി നല്കി. ഇവര്‍ തമ്മില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കുംഭകോണം വെസ്റ്റ് പൊലീസിനെയും തിരുവിടൈമരുതൂര്‍ ഓള് വിമന്‍ പൊലീസിനെയും നിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു.
