ഫ്ലോറിഡ: ഫ്ലോറിഡയിലെ ഒരു റെസ്റ്റോറന്റ് ജീവനക്കാരിക്ക് ടിപ്പായി ലഭിച്ചത് 1000 ഡോളർ, ഏകദേശം 83000 ഇന്ത്യൻ രൂപ. തന്റെ കസ്റ്റമേഴ്സിന് പതിവുപോലെ ഭക്ഷണം വിളമ്പുകയും ബില്ല് നൽകുകയും ചെയ്തപ്പോഴാണ് ഇവരെ ഞെട്ടിച്ചുകൊണ്ട് 1000 ഡോളർ ടിപ്പ് ലഭിച്ചത്. ക്രിസ്മസിന് തൊട്ടുമുമ്പ് തനിക്ക് ലഭിച്ച ഈ മഹത്തായ സമ്മാനത്തിൽ അമ്പരന്നിരിക്കുകയാണ് സ്റ്റേസി വൈറ്റ് എന്ന ഫ്ളോറിഡക്കാരി.
ലേക്ക്ലാൻഡിലെ റീസെക്ലിഫ് ഫാമിലി ഡൈനറിലെ ജീവനക്കാരിയാണ് സ്റ്റേസി വൈറ്റ്. പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവെ ഇത്രയും വലിയ തുക കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയെന്ന് അവർ പറഞ്ഞു. ഒരു പ്രാദേശിക ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, പണം കണ്ടപ്പോൾ തന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയെന്നും ലോകത്തിൽ ഇപ്പോഴും നല്ല ആളുകൾ ഉണ്ടെന്നതിന്റെ തെളിവാണിതെന്നും അവർ പറഞ്ഞു.