
കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാകുമെന്ന സൂചന നല്കി രാഹുല്‍ ഈശ്വര്‍. മധ്യതിരുവിതാംകൂറിലെ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ താല്പര്യമുണ്ടോയെന്ന് ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടി ചോദിച്ചതായും രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തി. ചെങ്ങന്നൂര്‍, തിരുവല്ല, കൊട്ടാരക്കര എന്നിവിടങ്ങളില്‍ മത്സരിക്കാന്‍ താല്പര്യമുണ്ടോ എന്നാണ് ചോദിച്ചതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കോണ്‍ഗ്രസിനുവേണ്ടി മല്‍സരിക്കാനുളള താല്പര്യമാണ് രാഹുല്‍ ഈശ്വര്‍ പരോക്ഷമായി സൂചിപ്പിക്കുന്നത്.
വരുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു കോണ്‍ഗ്രസ് ജയിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. സംസ്ഥാനത്തെ സാധാരണ മലയാളികളുടെ ആഗ്രഹമാണിതെന്നും കേരളത്തിനും അതാണ് നല്ലതെന്നും രാഹുല്‍ പറഞ്ഞു. മഹാത്മാഗാന്ധിയുടെ പാതയില്‍ ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ ഐക്യമാണ് തന്റെ ലക്ഷ്യം. അതാണ് തന്റെ വസ്ത്രധാരണത്തിലുള്ളതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
പുരുഷന്മാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാളിയെന്ന നിലയിലാണ് രാഹുല്‍ ഈശ്വര്‍ ഇപ്പോള്‍ നിറഞ്ഞുനില്ക്കുന്നത്. ഇതിന്റെ പേരില്‍ അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസില്‍ ജയില്‍വാസവും അനുഭവിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത വീണ്ടും പരാതി നല്‍കിയിട്ടുണ്ട്. ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണ സംഘം മേധാവി പൂങ്കുഴലിക്ക് നല്കിയ പരാതി തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിന് കൈമാറിയിരിക്കുകയാണ്. ഇതേ നതുടര്‍ന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍.


