
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപൻ സ്വാമിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ചയാണ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉച്ചക്ക് രണ്ട് മണിയോടെ അലങ്കരിച്ച വാഹനത്തില്‍ വീട്ടിലെത്തിക്കും.പൊളിച്ച കല്ലറയ്ക്ക് പകരം പുതിയ കല്ലറ ഒരുക്കിയാണ് സംസ്കരിക്കുന്നത്. നാമജപഘോഷയാത്രയായിട്ടാണ് മൃതദേഹം സംസ്കാരത്തിനായി കൊണ്ടുവരിക. കല്ലറ സ്ഥിതിചെയ്തിരുന്ന അതേസ്ഥലത്ത് ഋഷിപീഠം എന്ന പേരില്‍ പുതിയ കല്ലറയൊരുക്കിയിട്ടുണ്ട്. വൈകീട്ട് 3.30 ന് ഇവിടെ ആചാരപ്രകാരം മഹാസമാധി നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.സമാധിയുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ ലംഘിച്ചെന്നും മൃതദേഹം ഏറ്റുവാങ്ങില്ലെന്നും ബന്ധുക്കള്‍ നേരത്തേ പറഞ്ഞിരുന്നു. ഇതിനുശേഷമാണ് മൃതദേഹം ഘോഷയാത്രയോടെ കൊണ്ടുവരാന്‍ തീരുമാനിച്ചത്.
