കാലടി: വിനോദയാത്രയ്ക്കായി തായ്ലൻഡിൽ പോയ മലയാളി വെടിയേറ്റു മരിച്ചു. മലയാറ്റൂർ കാടപ്പാറ സ്വദേശി കാടപ്പറമ്പൻ വർഗീസാണ് (65) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. മോഷണ ശ്രമം ചെറുക്കുന്നതിനിടെയാണ് വർഗീസിന് വെടിയേറ്റത്. സഞ്ചാരത്തിനിടെ വർഗീസിനു നേർക്കു മോഷണശ്രമം നടന്നുവെന്നും അതിനെ ചെറുത്തപ്പോൾ വർഗീസിനെ മോഷ്ടാക്കൾ വെടിവച്ചു വീഴ്ത്തിയെന്നുമാണു ലഭിച്ച വിവരം.
വർഗീസിന്റെ പക്കൽ നിന്ന് പണം അടക്കം മോഷണം പോയിട്ടുണ്ട്. ഒരു മാസം മുൻപാണ് വർഗീസ് തായ്ലൻഡിലേക്ക് വിനോദയാത്ര പോയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ തായ്ലൻഡ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു ബന്ധുക്കൾക്ക് വിവരം ലഭിച്ചു. 30 വർഷമായി മുംബൈയിലാണ് കുടുംബസമേതം താമസിക്കുന്നത്. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്.
തായ്ലൻഡിൽ കേസ് അന്വേഷണം പൂർത്തിയായതിനു ശേഷം മാത്രമേ മൃതദേഹം വിട്ടുകിട്ടാൻ സാധ്യതയുള്ളു. ഇന്ത്യൻ എംബസി ഇടപെട്ടിട്ടുണ്ടെന്നും മൃതദേഹം വിട്ടുകിട്ടാൻ നടപടി എടുത്തിട്ടുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു.