
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന നേരിയ സൂചന പോലും ലഭിച്ചിട്ടില്ലെന്ന് കെ സുധാകരന്. തന്നെ മാറ്റണമെങ്കില്‍ ദില്ലിക്ക് വിളിപ്പിക്കേണ്ട കാര്യമില്ലെന്നും പാര്‍ട്ടി സ്ഥാനം ഒഴിയാന്‍ പറഞ്ഞാല്‍ ഒഴിയുമെന്നും കെ സുധാകരന് പറഞ്ഞു. എത്രയോ വര്‍ഷത്തെ പാരമ്പര്യം തനിക്കുണ്ടെന്നും അദ്ദേഹം ചോദിച്ചു. രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയുമായി ഒന്നരമണിക്കൂര്‍ സംസാരിച്ചിരുന്നു. കേരള രാഷ്ട്രീയത്തെ കുറിച്ചാണ് സംസാരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പും ചര്‍ച്ചയായി. മാധ്യമങ്ങളാണ് കെപിസിസി നേതൃമാറ്റത്തെ കുറിച്ച് വാർത്ത ഉണ്ടാക്കുന്നതെന്നും കെ സുധാകരന് പറഞ്ഞു.
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് എന്നെ മാറ്റുന്നു എന്നൊരു ഫീൽ ഉണ്ടായിട്ടില്ല. അത്തരത്തിൽ ഒരു ചർച്ചയും ഉണ്ടായിട്ടില്ല. പുതിയ പേരുകൾ എവിടുന്ന് വരുന്നു എന്നറിയില്ലെന്നും കെ സുധാകരന് പറഞ്ഞു. പലരും എനിക്ക് ആരോഗ്യ പ്രശ്നം ഉണ്ടെന്ന് കാണുന്നുണ്ട്. എന്നാല്‍ എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ ഇല്ലയോ എന്ന് ഞാൻ അല്ലെ പറയേണ്ടതെന്നാണ് സുധാകരന് ചോദിക്കുന്നത്. എന്ത് ആരോഗ്യ പ്രശ്നം ഉണ്ടെങ്കിലും ചികിത്സയ്ക്ക് സൗകര്യം ഇല്ലേ. അത് മറച്ചുവയ്ക്കേണ്ട കാര്യം എന്താണ്. എന്റെ പ്രവർത്തനത്തിൽ എന്തെങ്കിലും വല്ലായ്മ ഉണ്ടായിട്ടുണ്ടോ എന്നും ഞാൻ നോർമൽ അല്ലാത്ത എന്തെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ എന്നും സുധാകരന് ചോദിക്കുന്നു. എനിക്ക് ആരോഗ്യപ്രശ്നം ഉണ്ടെന്ന് ചിലർ മനഃപൂർവം പറഞ്ഞു പരത്തുന്നു. രോഗി ആണെന്ന് കാണിച്ച് എന്നെ മൂലയ്ക്ക് ഇരുത്താൻ ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്. അത് സംസ്ഥാനത്തെ ഒരു നേതാവാണ്. എന്നെ അഖിലേന്ത്യാ കമ്മിറ്റി മാറ്റില്ലെന്ന് എനിക്ക് ഉറപ്പാണെന്നും കെ സുധാകരന് കൂട്ടിച്ചേര്‍ക്കുന്നു.
പ്രായമല്ല പ്രാപ്തിയാണ് പ്രധാനം. താന്‍ അധ്യക്ഷ സ്ഥനത്ത് നിന്ന് മാറണമെന്ന് പറയുന്നവർ വഷളന്മാരായി സ്വയം നിർത്തണം. അത് നിർത്താൻ ഞാൻ യാചിക്കില്ല. കെപിസിസി കാര്യങ്ങൾ നോക്കാൻ ലിജുവിനെ ഞാൻ നിശ്ചയിച്ചതാണ്. എനിക്ക് സ്ഥിരമായി തിരുവനന്തപുരം എത്താൻ കഴിക്കാറില്ല. പക്ഷെ എന്നും രാവിലെ 7 മണിക്ക് ഞാൻ പ്രവർത്തനത്തിന് ഇറങ്ങുന്നുണ്ടെന്നും കെ സുധാകരന് പറയുന്നു. പ്രതിപക്ഷ നേതാവുമായി അഭിപ്രായവ്യത്യാസമില്ലെന്നും സുധാകരന് കൂട്ടിച്ചേര്‍ക്കുന്നു.
