തിരുവനന്തപുരം: അഞ്ചുതെങ്ങിൽ നാല് വയസ്സുകാരിയെ കടിച്ച നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ട് മുറ്റത്ത് കളിച്ച് കൊണ്ടിരുന്ന കുഞ്ഞിനെ തെരുവുനായ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.അഞ്ചുതെങ്ങ് മാമ്പള്ളിയിലായിരുന്നു സംഭവം. രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നത്. കഴുത്തിലും കൈയ്യിലും ചുണ്ടിലുമെല്ലാം കടിയേറ്റ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞ നായ അധികം വൈകാതെ ചത്ത് പോയിരുന്നു.
ഒരു പരിശോധനയും നടത്താതെയാണ് നായയുടെ മൃതദേഹം കുഴിച്ചിട്ടത്.
നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ തിങ്കളാഴ്ച രാവിലെ നായയുടെ മൃതദേഹം പുറത്തെടുത്തു. അഞ്ചുതെങ്ങ് വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. സാമ്പിളുകൾ പരിശോധിച്ചതിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടിയെ നായയിൽ നിന്ന് രക്ഷിച്ചവർക്കും കുട്ടിയുമായി സമ്പർക്കത്തിൽ വന്നവർക്കുമെല്ലാം വാക്സീനേഷൻ നൽകി.