തിരുവനന്തപുരം: തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോടതി വിധി പ്രതീക്ഷിച്ചിരുന്നതെന്ന് എം സ്വരാജ്. കെ ബാബുവിന്റെ വിജയത്തിനെതിരെ എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി ഇന്നായിരുന്നു വ്യക്തമാക്കിയത്. യു.ഡി.എഫിന്റെ വിജയം അധാർമികമാണെന്നും സ്വരാജ് പറഞ്ഞു. കേസ് തള്ളണമെന്ന കെ ബാബുവിന്റെ വാദം കോടതി തള്ളുകയായിരുന്നു. കൃത്രിമ വിജയം സംബന്ധിച്ച ഇടതുപക്ഷത്തിന്റെ വാദങ്ങൾ കോടതി ശരിവച്ചതായും സ്വരാജ് പറഞ്ഞു.
അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ടർ സ്ലിപ്പുകൾ വിതരണം ചെയ്തുവെന്ന ആരോപണം ഉൾപ്പെടെ വിഷയത്തിൽ വിശദമായ വാദം കേൾക്കും. ഉത്തരവ് തിരിച്ചടിയല്ലെന്നും കെട്ടിച്ചമച്ച രേഖയാണ് സ്വരാജ് കോടതിയിൽ സമർപ്പിച്ചതെന്നുമായിരുന്നു ബാബുവിന്റെ പ്രതികരണം.
സംസ്ഥാനത്തെ ഏറ്റവും കടുപ്പമേറിയ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളിലൊന്നായ തൃപ്പൂണിത്തുറയിൽ സ്വരാജിനെതിരെ 992 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ ബാബു വിജയിച്ചത്. മതം ഉപയോഗിച്ച് പ്രചാരണം നടത്തുന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നായിരുന്നു സ്വരാജിന്റെ വാദം.