
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണത്തിന്റെ അന്തിമ കണക്ക് പുറത്ത്. സംസ്ഥാനത്ത് ഇത്തവണ 1202 നാമനിർദ്ദേശ പത്രികകളാണ് സമർപ്പിച്ചിട്ടുള്ളതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി അറിയിച്ചു. ഏറ്റവും കൂടുതൽ പേർ പത്രിക സമർപ്പിച്ചത് കൊടുവള്ളി മണ്ഡലത്തിലാണ്. ഇവിടെ 18 പേരാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ ആകെ നാമനിർദേശപത്രിക സമർപ്പിച്ചത് 223 പേരാണ്. ഡമ്മി സ്ഥാനാർഥികൾ ഉൾപ്പെടെയുള്ളവരുടെ പത്രിക സമർപ്പണത്തിന്റെ കണക്കാണ് ഇന്നത്തേത് എന്നതിനാൽ തന്നെ സംസ്ഥാനത്തെ അന്തിമ പോരാട്ട ചിത്രം തെളിഞ്ഞിട്ടില്ല. സമർപ്പിക്കപ്പെട്ട പത്രികകളുടെ സൂക്ഷ്മപരിശോധന നാളെ നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മാർച്ച് 26 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികൾക്ക് വിമത സ്ഥാനാർഥികൾ രംഗത്തുണ്ട്. ഇവരെ 26 നകം അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് നേതാക്കൾ. ഇതിന് ശേഷമാകും കേരളത്തിലെ യഥാർത്ഥ മത്സര ചിത്രം തെളിയുക. സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക നാളെ പ്രസിദ്ധീകരിക്കും. ഇത്തവണ 2.72 കോടി വോട്ടർമാരാണ് കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കാൻ വിധിയെഴുതുന്നത്.
പറവൂരിലെ യു ഡി എഫ് സ്ഥാനാർഥി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പാലയിലെ എൽ ഡി എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി, ഒറ്റപ്പാലത്തെ ബി ജെ പി സ്ഥാനാർഥി മേജർ രവി, തൊടുപുഴയിലെ യു ഡി എഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജോസപ്, സുൽത്താൻ ബത്തേരിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഐ സി ബാലകൃഷ്ണൻ, നേമത്തെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരിനാഥൻ, ഗുരുവായൂരിലെ എൻ ഡി എ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണൻ, കൊടുവള്ളിയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ ഫിറോസ്, തൃക്കാക്കരയിലെ എൻ ഡി എ സ്ഥാനാര്‍ത്ഥി അഖിൽ മാരാര്‍, മാനന്തവാടിയിലെ എൻ ഡി എ സ്ഥാനാര്‍ത്ഥി ശ്യാംരാജ്, കോഴിക്കോട് എലത്തൂരിലെ എൽ ഡി എഫ് സ്ഥാനാര്‍ത്ഥി എ കെ ശശീന്ദ്രൻ, ബേപ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി പി വി അൻവര്‍, അരുവിക്കരയിലെ യു ഡി എഫ് സ്ഥാനാർഥി വി എസ് ശിവകുമാർ, തിരുവനന്തപുരം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി സുധീർ കരമന, എൻ ഡി എ സ്ഥാനാർഥി കരമന ജയൻ തുടങ്ങിയവരടക്കം പത്രിക നൽകി. പയ്യന്നൂരിലെ യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണനും ഇന്ന് പത്രിക നൽകി.


