തിരുവനന്തപുരം: രാജ്യത്തും സംസ്ഥാനത്തും കത്തിപ്പടരുന്ന ബിബിസിയുടെ ഡോക്യുമെന്ററി ‘ഇന്ത്യ- ദി മോദി ക്വസ്റ്റൻ’ വിവാദത്തിനിടെ വ്യത്യസ്തമായ നിലപാടുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ. കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി. ഇന്ത്യൻ സ്ഥാപനങ്ങളേക്കാൾ ബിബിസിയുടെ കാഴ്ചപ്പാടിന് മുൻഗണന നൽകുന്നത് ഇന്ത്യയിലെ ജനങ്ങൾക്ക് അപകടകരമാണെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ കൂടിയായ അനിൽ ആന്റണി ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ പരമാധികാരത്തെ ദുർബലപ്പെടുത്തുന്ന നടപടിയാണിത്.
മുൻവിധികളോടെ പ്രവർത്തിക്കുന്ന ചാനലാണ് ബിബിസിയെന്നും ബിജെപിയുമായുള്ള അഭിപ്രായവ്യത്യാസം നിലനിർത്തിയാണ് ഇത് പറയുന്നതെന്നും അനിൽ ആന്റണി പറഞ്ഞു. മുൻ യുകെ വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോയാണ് ഇറാഖ് യുദ്ധത്തിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം, ബിബിസിയുടെ ‘ഇന്ത്യ- ദി മോദി ക്വസ്റ്റൻ’ എന്ന ഡോക്യുമെന്ററി സംസ്ഥാനത്തുടനീളം പ്രദർശിപ്പിക്കുമെന്ന് കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം ചെയർമാൻ അഡ്വ. ഷിഹാബുദ്ദീൻ കാര്യായത്തിൽ പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കും. രാജ്യത്ത് ഡോക്യുമെന്ററിക്ക് അപ്രഖ്യാപിത നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് തീരുമാനം.