കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ തീപിടിത്തതിനിടെയുണ്ടായ അഞ്ചു മരണങ്ങളിൽ പോലീസ് കേസെടുത്തു. വടകര സ്വദേശി സുരേന്ദ്രൻ (59), വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ (65), കൊയിലാണ്ടി സ്വദേശി ഗംഗാധരൻ (70), വയനാട് സ്വദേശി നസീറ (44), ഗംഗ (34) എന്നിവരുടെ മരണത്തിലാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.
ബന്ധുക്കളുടെ പരാതിയിലാണ് നടപടി.
അത്യാഹിത വിഭാഗത്തിലെ യു.പി.എസ്. റൂമിൽ പൊട്ടിത്തെറിയുണ്ടായതിനെ തുടർന്ന് കനത്ത പുക കെട്ടിടത്തിന്റെ 4 നിലകളിലേക്കു പടർന്നതിനിടെയാണ് 5 മൃതദേഹങ്ങൾ അധികൃതർ മോർച്ചറിയിലേക്കു മാറ്റിയത്. ഇവരുടെ മരണം അപകടം മൂലമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. മരണകാരണം വ്യക്തമല്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്. അഞ്ചു മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടം ചെയ്യും. മരണത്തില്‍ ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തിലാണിത്.
തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. കോഴിക്കോട് കലക്ടറോട് വിവരങ്ങൾ ആരാഞ്ഞു. സംഭവത്തിൽ രോഗികളുടെ ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുക്കണമെന്നും മറ്റെല്ലാ സഹായങ്ങളും അടിയന്തരമായി ലഭ്യമാക്കണമെന്നും പ്രിയങ്ക കലക്ടറോട് ആവശ്യപ്പെട്ടു.
