മുംബൈ: മഹാരാഷ്ട്രയിലെ കുർളയിയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. എച്ച്ഡിഐഎൽ കോളനിയിലുള്ള കെട്ടിടത്തിലെ ടെറസിലാണ് 20 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ യുവതി ബലാത്സംഗത്തിനിരയായതായി വ്യക്തമായിട്ടുണ്ട്. യുവതിയുടെ തലയ്ക്ക് മാരകമായ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കൊലപാതകം, ബലാത്സംഗം തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുത്തതായി പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച വൈകീട്ട് ചില ആൺകുട്ടികൾ വീഡിയോ ചിത്രീകരിക്കാനായി ഈ കെട്ടിടത്തിൽ എത്തിയിരുന്നു. ഇവരാണ് മൃതദേഹം കണ്ടത്. തുടർന്ന് കുട്ടികൾ പൊലീസിനെ വിവരമറിയിച്ചതാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ പ്രണയ് അശോക് പറഞ്ഞു. അഴുകിത്തുടങ്ങിയ നിലയിലാണ് യുവതിയുടെ മൃതദേഹം. യുവതിയെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണത്തിന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി.
