കോഴിക്കോട്: നിപ്പ ലക്ഷണങ്ങളോടെ 14കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രത. കുട്ടിയുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കുട്ടിക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമില്ലെന്നാണ് അറിയുന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ചികിത്സയിലുള്ളത്.
ആരോഗ്യനില ഗുരുതരമല്ല. ഐസലേഷനിലുള്ള കുട്ടിയെ പ്രത്യേകം റൂമിലേക്ക് മാറ്റി നിരീക്ഷിക്കുകയാണ്. പനി, തലവേദന, ശരീര വേദന എന്നിവയുണ്ടെങ്കിലും നിലവിൽ അസ്വസ്ഥത അനുഭവപ്പെടേണ്ട കാര്യമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പെരിന്തൽമണ്ണ സ്വദേശിയായ കുട്ടിയെ നിപ്പ സംശയത്തോടെ ഇന്നലെ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ കാണിച്ച ശേഷമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. സ്വകാര്യ ആശുപത്രിയിൽ നടത്തിയ ട്രൂനാറ്റ് പരിശോധനയിൽ നിപ്പ പോസിറ്റീവാണ്. സാമ്പിൾ തുടർ പരിശോധനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നു. ഇവിടെനിന്ന് പുണെ വൈറോളജി ലാബിലേക്ക് അയച്ചുകൊടുക്കും. അടുത്ത ദിവസം തന്നെ ഫലമറിയാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജാഗ്രതാ നടപടികളുടെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ ജീവനക്കാർക്ക് പി.പി.ഐ. കിറ്റ് നിർബന്ധമാക്കി. നിപ്പ സംശയത്തിൻ്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു.