കോട്ടയം: തൊഴിൽ തട്ടിപ്പിന് ഇരയായി മ്യാൻമറിൽ ബന്ദികളാക്കപ്പെട്ടവരിൽ ഒരു മലയാളി ഉൾപ്പെടെ 10 പേരെ കൂടി വിട്ടയച്ചു. തിരുവനന്തപുരം പാറശ്ശാല സ്വദേശി വൈശാഖ് ഉൾപ്പെടെ 10 പേരെയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടലിനെ തുടർന്ന് വിട്ടയച്ചത്.
വൈശാഖിനൊപ്പമുള്ള മറ്റ് ഒമ്പത് പേരും തമിഴ്നാട് സ്വദേശികളാണ്. വൈശാഖിനെയും കൂടെയുള്ളവരെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ചെലവിൽ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് തമിഴ്നാട് എൻആർകെ ഓഫീസർ അനു പി ചാക്കോ പറഞ്ഞു.
ഒരു സുഹൃത്ത് വഴി ജോലിക്കായി തായ്ലൻഡിലേക്കു പോയെന്നും അവിടെ നിന്ന് മ്യാൻമാറിലേക്ക് പിടിച്ചുകൊണ്ട് വരികയായിരുന്നെന്നും വൈശാഖ് പറഞ്ഞു. ഡാറ്റാ എൻട്രി ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് പരസ്യം കണ്ടാണ് സുഹൃത്ത് മുഖേന വൈശാഖ് ജോലിക്ക് അപേക്ഷിച്ചത്.