മനാമ: പൈതൃക വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബഹ്റൈൻ ടൂറിസം ആന്‍ഡ് എക്സിബിഷൻ അതോറിറ്റി മനാമ സൂഖിൽ സംഘടിപ്പിക്കുന്ന 10 ദിവസത്തെ സാംസ്കാരിക പരിപാടികൾക്ക് തുടക്കമായി. ‘മനാമയിലേക്ക്’ എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 92-ാമത് സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് മനാമ സൂക്കിൽ നിരവധി പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. ബഹ്റൈനിലെ സ്വകാര്യ ടൂറിസം മേഖലയുമായി സഹകരിച്ച് നടത്തുന്ന വൈവിധ്യമാർന്ന പരിപാടികൾ “നിങ്ങളെ കണ്ടതിൽ സന്തോഷം” എന്ന പ്രമേയത്തിന് കീഴിൽ രാജ്യത്തുടനീളമുള്ള വേദികളിൽ അവതരിപ്പിക്കും.
വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകത്തിന്റെ പങ്ക് ഊന്നിപ്പറയുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വാണിജ്യ വിപണികളിൽ ഒന്നാണ് മനാമ സൂഖ്. ബഹ്റൈനും സൗദി അറേബ്യയും തമ്മിലുള്ള അടുത്ത ചരിത്രപരമായ ബന്ധത്തിന്റെ വെളിച്ചത്തിലാണ് അതോറിറ്റി സൗദി ദേശീയ ദിനാഘോഷത്തിനുള്ള വേദിയായി മനാമ സൂഖിനെ തിരഞ്ഞെടുത്തത്.
സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ നാടോടി ബാൻഡ് വിവിധ സൗദി, ബഹ്റൈൻ പൈതൃക ഗാനങ്ങൾ അവതരിപ്പിച്ചു. പത്ത് ദിവസത്തെ പൈതൃക ഉത്സവത്തിനോടനുബന്ധിച്ചു പരമ്പരാഗത ബഹ്റൈൻ കരകൗശല വസ്തുക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് ഒന്നിലധികം ശിൽപശാലകൾ, ബഹ്റൈൻ സാധനങ്ങളുടെ പ്രത്യേക പ്രദർശനം എന്നിവ സംഘടിപ്പിക്കും.