മനാമ: “ഓണസ്മൃതികൾ” എന്ന തലകെട്ടിൽ ഫ്രന്റ്സ് വനിതാ വിഭാഗം മനാമ ഏരിയ സംഘടിപ്പിച്ച സൗഹൃദ സംഗമം ശ്രദ്ധേയമായി. സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ഷെമിലി പി.ജോൺ ഉദ്ഘാടനം ചെയ്തു. സൗഹൃദങ്ങൾ പങ്കുവെക്കപ്പെടുന്ന സന്തോഷാവസരമാണ് പ്രവാസികളുടെ ഓണമെന്ന് അവർ അഭിപ്രായപ്പെട്ടു. പൂവും പൂവിളിയുമായി മനസുകളിൽ നിറയുന്ന ഗതകാല സ്മരണകളുടെ വീണ്ടെടുപ്പ് കൂടിയാണ് ഓണം. അത്തരം ഓർമ്മകളുടെ തിരിച്ചു പിടിക്കലുകളാണ്കൂ ട്ടായ്മകളും അസോസിയേഷനുകളും സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങളിലൂടെ നമുക്ക് സാധ്യമാവുന്നതെന്നും അവർ പറഞ്ഞു.
സിഞ്ചിലെ ഫ്രന്റ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ സക്കീന അബ്ബാസ് ആശംസാ പ്രസംഗം നടത്തി. ഏരിയാ എക്സിക്യൂട്ടീവ് അംഗം റഷീദ സുബൈർ, ഹേമ വിശ്വം, ശ്രീലത പങ്കജ്, ആശാ രാജീവ് എന്നിവർ സംസാരിച്ചു. നിമ രജീഷ് , അസ്റ, തഹിയ്യ ഫാറൂഖ് എന്നിവർ ഗാനങ്ങളാലപിച്ചു. ഏരിയ സെക്രട്ടറി ഫസീല ഹാരിസ് സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ബുഷ്റ ഹമീദ് നന്ദിയും പറഞ്ഞു . റസീന അക്ബർ, സുആദ ഫാറൂഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.