ചൈനക്ക് പിന്നാലെ കൊറോണ വ്യാപകമായി പടര്‍ന്നു പിടിച്ച ഇറ്റലിയില്‍ മരണ സംഖ്യ അയ്യായിരത്തോട് അടുക്കുന്നു. ഇതുവരെ 4,825 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 793 പേരാണ് മരിച്ചത്. 6557 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു.
ഇറ്റലിയില്‍ ഇതുവരെ 53,578 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. മിലാന് സമീപമുള്ള വടക്കന്‍ ലോംബാര്‍ഡി പ്രദേശങ്ങളില്‍ മാത്രം മരിച്ചവരുടെ എണ്ണം 3,000 കവിഞ്ഞു. രാജ്യത്ത് വെള്ളിയാഴ്ചക്ക് ശേഷം 1,420 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ ബഹുഭൂരിപക്ഷം ആശുപത്രികളും രോഗികളെക്കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ്. രാജ്യത്ത് കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുകയാണ്. സൈന്യം വിവിധ മേഖലകളില്‍ പട്രോളിംഗ് ഉള്‍പ്പെടെ ശക്തമാക്കിയിരിക്കുകയാണ്. അതേസമയം, വൈറസ് ബാധയില്‍ നിന്നും ഇതുവരെ 6,072 പേര് മുക്തരായിട്ടുണ്ട്.