കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയില്‍ നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും കര്‍ശനമാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയ 5 വിനോദ സഞ്ചാരികള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ എറണാകുളം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് 9 പേര്‍ക്കാണ്. ഇന്നലെ സ്ഥിരീകരിച്ച 5 പേരുടെയും ആരോഗ്യനില തൃപ്തികരമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.
ജില്ലയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളത് 28 പേരാണ്. 4196 പേര് വീടുകളിലും നിരീക്ഷണത്തിലാണ്. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യുവിന്റെ ഭാഗമായി നാളെ കൊച്ചി മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗതം പ്രവര്‍ത്തന രഹിതമായിരിക്കും.
മറ്റ് സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ ഇറങ്ങി റോഡ് മാര്‍ഗം ജില്ലയിലെത്തുന്നവരെ കണ്ടെത്താന്‍ സി-ട്രാക്കര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ആലുവയിലും പെരുമ്പാവൂരും വിദേശത്തു നിന്നെത്തിയ വിവരം മറച്ചു വെച്ച് കറങ്ങി നടന്ന 2 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.