കോവിഡ് 19 വൈറസ് ബാധ സംശയത്തെ തുടര്‍ന്ന് മൂന്ന് എസ്ബിഐ ജീവനക്കാര്‍ നിരീക്ഷണത്തില്‍. ശ്രീചിത്രയിലെ ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്നാണ് ഇവരെ നിരീക്ഷണത്തിലാക്കിയത്. തിരുവനന്തപുരം എസ്ബിഐ ബ്രാഞ്ചിലെ ജീവനക്കാരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ കഴിയുന്ന ശ്രീചിത്രയിലെ ഡോക്ടര്‍മാരുടേയോ ജീവനക്കാരുടേയോ പരിശോധനാ ഫലം പോസിറ്റീവ് അല്ലെന്നും വിശദമായ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൃത്യമായ നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്. നൂറോളം ജീവനക്കാര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്.
രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉണ്ടോയെന്ന് മനസിലാക്കാനായി ആശുപത്രിയില്‍ ആഭ്യന്തര പരിശോധനയും നടക്കുന്നുണ്ട്. പുതിയ കേസുകളൊന്നും ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.